തിരുവനന്തപുരം:വിമർശനങ്ങൾക്ക് പിന്നാലെ പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ വിവാദ സംഭാഷണം നീക്കം ചെയ്‌തു. വിവാദ സംഭാഷണം ഒഴിവാക്കിയുള്ള പകർപ്പ് സെൻസർ ബോർഡിന് നൽകി. സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ പ്രിൻ്റ് മാറ്റുമെന്ന് പൃഥ്വിരാജ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായി പൃഥ്വിരാജിനൊപ്പം ചിത്രത്തിൻ്റെ സംവിധായകൻ ഷാജി കൈലാസും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൃഥ്വിയും, ഷാജി കൈലാസും ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു വിഷയത്തിലും നടന്‍ പ്രതികരിച്ചു. വിജയ് ബാബു അമ്മ യോഗത്തിൽ പങ്കെടുത്തതിലെ ശരി തെറ്റിനെ കുറിച്ച് പറയാൻ താൻ ആളല്ല എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. താൻ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.