പ്രഭാസ് - പൃഥ്വിരാജ് - പ്രശാന്ത് നീൽ. 'സലാർ' സിനിമയുടെ ഹൈലൈറ്റ് ഈ കൂട്ടുകെട്ട് തന്നെയാണ്. പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന 'സലാർ പാർട് വൺ സീസ്‌ഫയർ' റിലീസിനൊരുങ്ങുകയാണ്. ഇതിനിടെയാണ് സിനിമയ്‌ക്കായി ആവേശപൂർവം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്.
റിലീസായി മണിക്കൂറുകൾ പിന്നിട്ടിട്ടും യൂട്യൂബിൽ ട്രെയിലർ തീർത്ത തരംഗം അവസാനിക്കുന്നില്ല (Salaar Trailer trending on YouTube). എല്ലാ ഭാഷകളിലുമായി യൂട്യൂബിൽ 100 മില്യൺ കാഴ്‌ചക്കാരെയും കടന്ന് ട്രെയിലർ കത്തിപ്പടരുകയാണ്. റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ സലാർ ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമതായി എത്തിയത്.
തെലുഗുവിൽ മാത്രം ട്രെയിലർ 3 കോടിയിലേറെ കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. ഹിന്ദി വേർഷന്‍റെ കാഴ്‌ചക്കാരാകട്ടെ 5 കോടിയിലേറെയാണ്. കേരളത്തിലും 'സലാർ' ട്രെയിലർ തരംഗം തീർക്കുകയാണ്.
ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂര്‍ ആണ് ഈ പാൻ ഇന്ത്യൻ സിനിമയുടെ നിര്‍മാണം. ഡിസംബർ 22ന് 'സലാർ' ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ഒരേസമയം തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് 'സലാർ' റിലീസിന് എത്തിക്കുന്നത്.
2020ൽ ആയിരുന്നു 'സലാർ' സിനിമയുടെ പ്രഖ്യാപനം. എന്നാൽ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങി. ഇപ്പോഴിതാ പ്രേക്ഷകർക്ക് അത്യുഗ്രൻ ദൃശ്യാനുഭവം സമ്മാനിക്കാൻ 'സലാർ' റിലീസിനെത്തുകയാണ്.