ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് താരം നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം. പ്രതി സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധമാണ് ചോദ്യം ചെയ്യലിന് കാരണമായത്. 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സുകേഷ് ചന്ദ്രശേഖര്‍.
2021ല്‍ നോറ ഫത്തേഹിയുടെ സഹോദരി ഭര്‍ത്താവ് മെഹബൂബിന് ചന്ദ്രശേഖര്‍ ബിഎംഡബ്ലിയു നല്‍കിയിരുന്നു. നോറയ്‌ക്കും സുകേഷിന്‍റെ പക്കല്‍ നിന്നും നിരന്തരം സമ്മാനങ്ങള്‍ ലഭിച്ചു. ബുധനാഴ്‌ച(14.09.2022) നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്‌തിരുന്നു.
ഇന്ന് ചോദ്യം ചെയ്യുന്നത് മൂന്ന് പേരെ: ഇരു താരങ്ങളെയും ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. യഥാര്‍ഥത്തില്‍ അപഹരിച്ച പണമുപയോഗിച്ച് തനിക്ക് അളവറ്റ സ്വത്തുക്കളുണ്ടെന്ന് ബോധ്യപ്പെടുത്തി നടിമാരെ സ്വാധീനിക്കുവാനുള്ള ശ്രമമാണ് സുകേഷ് നടത്തിയിരുന്നത്. നോറ ഫത്തേഹി, ബോബി ഖാന്‍, പിങ്കി ഇറാനി എന്നിവരോട് ഇന്ന്(16.09.2022) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുകേഷ് കൊടുത്തുവിട്ട സമ്മാനങ്ങളുമായി നോറ ഫത്തേഹിയെ സമീപിച്ചത് പിങ്കി ഇറാനിയായിരുന്നു. കഴിഞ്ഞ വര്‍ഷം സുകേഷ് ചന്ദ്രശേഖറിന്‍റെ ഭാര്യ ലീന മരിയയുടെ ഉടമസ്‌ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടത്തിയ ഇവന്‍റിലും പിങ്കി ഇറാനി പങ്കെടുത്തിരുന്നു. ഇവന്‍റില്‍ പങ്കെടുത്തതിന് പണവും ബിഎംഡബ്ലിയു കാറും നോറ ഫത്തേഹിയ്‌ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും താന്‍ നിരസിച്ചപ്പോഴാണ് കാര്‍ തന്‍റെ സഹോദരി ഭര്‍ത്താവ് മെഹബൂബിന് നല്‍കിയതെന്നും ചോദ്യം ചെയ്യലിന്‍റെ സമയത്ത് നോറ ഫത്തേഹി വെളിപ്പെടുത്തി.