തിരുവനന്തപുരം :പ്രശസ്‌ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. 51 വയസായിരുന്നു (Renowned playwright and director Prashanth Narayanan passed away).
ഇന്ന് രാവിലെയാണ് അവശനിലയിൽ ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നീണ്ട 30 വർഷക്കാലമായി ഇന്ത്യൻ തിയേറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമാണ് പ്രശാന്ത് നാരായണൻ (Theatre Writer, Director, Actor Prashanth Narayanan).
മോഹൻലാലും മുകേഷും അഭിനയിച്ച 'ഛായാമുഖി' എന്ന നാടകത്തിന്‍റെ സംവിധായകനാണ്. ഈ നാടകത്തിലൂടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്രശാന്ത് നാരായണൻ മകരധ്വരജൻ, മഹാസാഗരം, മണികർണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്. നാടക രചിതാവ്, സംവിധായകൻ, നടൻ എന്നതിലുപരി കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്‌തനാണ് പ്രശാന്ത് നാരായണൻ.
നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്‍റെ നാടകങ്ങൾ, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് ഇദ്ദേഹം രചിച്ച കൃതികൾ. പതിനഞ്ചാമത്തെ വയസ് മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം ഇതുവരെ മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.