നിഗൂഢതകൾ നിറച്ച്, കാണികളില്‍ ആകാംക്ഷ ഉണർത്തി 'ഒ. ബേബി' ട്രെയിലർ. പ്രശസ്‌ത തിരക്കഥാകൃത്ത് കൂടിയായ രഞ്ജന്‍ പ്രമോദിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഒ. ബേബി’ ഈ വെള്ളിയാഴ്‌ചയാണ് (ജൂൺ ഒന്‍പതിന്) പ്രദർശനത്തിനെത്തുക. കാണികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാന്‍ കെല്‍പ്പുള്ള ട്രെയിലർ ആസ്വാദകരില്‍ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.
നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലർ ഒരു ലക്ഷത്തിലേറെ ആളുകൾ യൂട്യൂബില്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ദിലീഷ് പോത്തനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും ദിലീഷിനൊപ്പം ചിത്രത്തിൽ മാറ്റുരക്കുന്നു.
കാണികൾക്ക് മികച്ച ഒരു ത്രില്ലർ അനുഭവമാകും 'ഒ.ബേബി' സമ്മാനിക്കുക എന്നുറപ്പു തരുന്നതാണ് ചിത്രത്തിന്‍റെതായി പുറത്തുവന്ന ടീസറും ട്രെയിലറും. ടീസർ പോലെ 'ഒ.ബേബി' ത്രില്ലർ സ്വഭാവത്തില്‍ ഉള്ളതാണെന്നാണ് ട്രെയിലറും നൽകുന്ന സൂചന. ഹാനിയ നസീഫ, രഘുനാഥ് പലേരി, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്‌ത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിനയത്തിന് പുറമെ 'ഒ ബേബി'യില്‍ നിർമ്മാതാവിന്‍റെ 'റോൾ' കൂടിയുണ്ട് ദിലീഷ് പോത്തന്. അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർക്കൊപ്പം ദിലീഷ് പോത്തനും ചേർന്നാണ് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളില്‍ ചിത്രം നിർമിച്ചിരിക്കുന്നത്. രാഹുൽ മേനോൻ ആണ് എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ.