തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു താര റാണി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും. ഇരുവരും തമ്മിലുള്ള പ്രണയവും ആരാധകർ ആവോളം ആസ്വദിക്കുന്നുണ്ട്. താരദമ്പതികളുടെ ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്.
വിവാഹ വാർഷികത്തോടനുബന്ധിച്ച് അത്രമേൽ സുന്ദരമായ ചിത്രങ്ങളാണ് വിഘ്നേഷ് ആരാധകരുമായി പങ്കുവച്ചത്. ഒന്നാം വിവാഹ വാർഷികത്തിൽ തന്റെ പൊന്നോമനകളെ നെഞ്ചോടുചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.'എൻ ഉയിരോട ആധാരം നീങ്കൾതാനെ..' എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും സുന്ദര നിമിഷങ്ങളെക്കുറിച്ചും വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
'എൻ ഉയിരോട ആധാരം നീങ്കൾതാനെ.. ഒരുപാട് നിമിഷങ്ങൾ നിറഞ്ഞ ഒരു വർഷം! ഉയർച്ച താഴ്ചകൾ. അപ്രതീക്ഷിത തിരിച്ചടികൾ! പരീക്ഷണ സമയങ്ങൾ! എന്നാൽ സ്നേഹവും വാത്സല്യവുമുള്ള ഒരു അനുഗ്രഹീത കുടുംബത്തിനരികിലേക്ക് തിരികെയെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാൻ കൂടുതൽ ശക്തിയും ആത്മവിശ്വാസവും ഉണ്ടാകും..'ചിത്രങ്ങൾക്ക് വിഘ്നേഷ് അടിക്കുറിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ, നയൻതാര തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും മാറോടണച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. ചിത്രങ്ങളിലൊന്നിൽ, ഒരു കുഞ്ഞ് ചുവന്ന സാന്താ റോമ്പർ ധരിച്ചിരിക്കുന്നു. ഏറ്റവും മികച്ച ചിത്രങ്ങൾ എടുത്ത് നൽകിയ ഫോട്ടോഗ്രാഫറിനും വിഘ്നേഷ് നന്ദി അറിയിച്ചു. 'അത്ഭുതകരമായ ക്ലിക്കുകൾക്ക് നന്ദി' എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്.
നെഗറ്റീവ് കമന്റിടുന്നവരെ പരിഹസിക്കാനും വിഘ്നേഷ് മറന്നില്ല. 'നെഗറ്റീവ് കമന്റിന് അടിമകളായിരിക്കുന്നവർ ദയവായി ക്ഷമിക്കുക, ഒരുപക്ഷേ നിങ്ങൾ പോസിറ്റിവിറ്റി അവഗണിക്കാൻ ശ്രമിക്കണം'എന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു. ദമ്പതികൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിവാഹവാർഷികം സംബന്ധിച്ചുള്ള ഒരു കുറിപ്പും വിഘ്നേഷ് മറ്റൊരു പോസ്റ്റിലൂടെ പങ്കുവച്ചു.