ഹൈദരാബാദ് :ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'ഗോഡ്‌ഫാദർ' ചിത്രം വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്‌തിരിക്കുന്നത് മോഹൻ രാജയാണ്. തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമ ഈ വർഷം ഒക്‌ടോബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. എന്നാലിപ്പോൾ നയൻതാരയുടെ കഥാപാത്രമായ സത്യപ്രിയ ജയദേവിന്‍റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സാരിയണിഞ്ഞ് തീവ്രഭാവത്തിൽ ടൈപ്പ്‌റൈറ്ററിൽ ടൈപ്പ് ചെയ്യുന്ന നയൻതാരയെയാണ് പോസ്റ്ററിൽ കാണാനാവുക.
കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിലെ നയൻസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോനിഡേല പ്രൊഡക്ഷൻസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് വ്യാഴാഴ്‌ച (08.09.22) പുറത്തുവിട്ടിരിക്കുന്നത്. മലയാള ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്‌ത കഥാപാത്രത്തെയാണ് നയൻതാര തെലുങ്കിൽ അവതരിപ്പിക്കുന്നത്. കൂടാതെ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്‌സ്റ്റർ കഥാപാത്രമായി ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
ചിരഞ്ജീവി ആദ്യമായി സാൾട്ട് ആൻഡ് പേപ്പർ ലുക്കിലെത്തുന്ന ഗോഡ്‌ഫാദറിന്‍റെ ടീസർ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്നും ടീസറിന് ലഭിച്ചത്. പുരി ജഗന്നാഥ്, സത്യദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രമായ ലൂസിഫർ 200 കോടിയ്‌ക്ക് മുകളിലാണ് നേടിയത്. തെലുങ്കിലെ സ്റ്റീഫൻ നെടുമ്പള്ളിയെയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.