ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രമാണ് '800'. ബോളിവുഡ് നടൻ മധുർ മിറ്റാൽ മുരളീധരനായി വേഷമിട്ട ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്‌തിരിക്കുകയാണ് (Muttiah Muralitharan biopic 800 jio cinema ott release). ജിയോ സിനിമയിലൂടെയാണ് '800' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. ജിയോ സിനിമയിൽ പ്രേക്ഷകർക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം (800 streaming for free on Jio Cinema).
ഒക്‌ടോബർ 6ന് പ്രദർശനത്തിനെത്തിയ '800' ശ്രീപതിയാണ് സംവിധാനം ചെയ്‌തത്. വെങ്കട്ട് പ്രഭുവിന്‍റെ അസോസിയേറ്റ് ആയിരുന്ന ശ്രീപതി 2010ൽ 'കനിമൊഴി' എന്ന ചിത്രം ഒരുക്കിയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. അതേസമയം അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് 800 പറയുന്നത്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മധുർ മിറ്റാലിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു. സ്ലം ഡോഗ് മില്യനിയർ (Slumdog Millionaire) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മധുർ. മലയാളികളുടെ പ്രിയ താരം മഹിമ നമ്പ്യാരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മധി മലർ എന്ന കഥാപാത്രത്തെയാണ് മഹിമ നമ്പ്യാർ അവതരിപ്പിക്കുന്നത്.
നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്‌ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായാണ് 800 പ്രധാനമായും ചിത്രീകരിച്ചത്. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സും വിവേക് രംഗാചാരിയും ചേർന്നാണ് ഈ ചിത്രം നിര്‍മിച്ചത്.
നേരത്തെ വിജയ് സേതുപതിയെയാണ് 800ൽ നായകനാക്കി പ്രഖ്യാപിച്ചിരുന്നത്. മുരളീധരന്‍റെ ലുക്കിൽ സേതുപതി എത്തിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. എന്നാൽ പോസ്റ്റർ വൈറലായതിന് പിന്നാലെ സിനിമയ്‌ക്കും താരത്തിനും എതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. പിന്നാലെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്നും പിൻമാറിയത്.