മുംബൈ: സൽമാൻ ഖാനെ ഇ-മെയിൽ വഴി ഭീഷണിപ്പെടുത്തിയതിന് ഗുണ്ടാസംഘത്തലവൻമാരായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ബ്രാർ എന്നിവർക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 506 (2), 120 (ബി), 34 എന്നിവ പ്രകാരം ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഭീഷണിയെ തുടർന്ന് സൽമാന്‍റെ മുംബൈയിലെ വസതിക്ക് പുറത്ത് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിഹാർ ജയിലിൽ നിന്ന് ബിഷ്‌ണോയി അടുത്തിടെ നൽകിയ അഭിമുഖത്തിൽ സൽമാൻ ഖാനെ അവസാനിപ്പിക്കുന്നതാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് ബിഷ്‌ണോയ് പരാമർശിക്കുകയുണ്ടായി, ഇതിനെ ശരിവയ്‌ക്കുന്നതാണ് ഇപ്പോഴത്തെ ഭീഷണി. ബാന്ദ്ര പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ പ്രകാരം, ശനിയാഴ്‌ച ഉച്ചയോടെ സൽമാൻ ഖാൻ്റെ ഓഫിസിൽ ഉപയോഗിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഭീഷണി അയക്കുകയായിരുന്നു. മോഹിത് ഗാർഗിന്‍റെ ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം:'നിങ്ങളുടെ ബോസ് സൽമാൻ ഖാനുമായി ഗോൾഡി ഭായ്ക്ക് സംസാരിക്കണം, അഭിമുഖം അവൻ കണ്ടുകാണുമല്ലോ, ഇല്ലെങ്കിൽ കാണാൻ പറഞ്ഞേക്കൂ. ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കണമെങ്കിൽ സംസാരിക്കാൻ വരാൻ പറയൂ. നേരിട്ട് സംസാരിക്കാൻ വരാൻ പറയൂ. ഇപ്പോൾ സമയമുള്ളതുകൊണ്ട് ഞാൻ പറഞ്ഞു. അടുത്ത തവണ ഇത് നിങ്ങൾക്ക് ഒരു ഞെട്ടലായിരിക്കും'.
അടുത്തിടെ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, സൽമാൻ ഖാനെ കൊല്ലുക എന്നതാണ് തന്‍റെ ജീവിതലക്ഷ്യം എന്ന് ബിഷ്‌ണോയ് പരാമർശിച്ചിരുന്നു, കൃഷ്‌ണമൃഗത്തെ കൊന്നുവെന്നാരോപിച്ച് ബിഷ്‌ണോയി സമൂഹത്തോട് താരം മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ വിഷയം അവസാനിക്കൂ എന്നും ഇയാള്‍ കൂട്ടിച്ചേർത്തു.