'കപ്പേള'യ്‌ക്ക് ശേഷം പുതിയ ചിത്രവുമായി മുഹമ്മദ് മുസ്‌തഫ വീണ്ടും എത്തുന്നു (Muhammed Musthafa's new film after 'Kappela'). ഏറെ വ്യത്യസ്‌തമായ പ്രമേയവുമായാണ് മുഹമ്മദ് മുസ്‌തഫയുടെ വരവ്. പുതിയ സിനിമയുടെ ചിത്രീകരണത്തിന് നാളെ (ജനുവരി 03) തുടക്കമാവും. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് (Muhammed Musthafa's new film).
സുരാജ് വെഞ്ഞാറമ്മൂട്, മാലാ പാർവതി, കനി കുസൃതി, ഹൃദു ഹാറൂൺ, കണ്ണൻ നായർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം പുതുമുഖങ്ങളും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. കോളജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുമായി സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്‍ററിൽ എത്തിച്ച് ട്രെയിൻ ചെയ്‌താണ് താരനിർണയം പൂർത്തിയാക്കിയത്.
മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവതീ - യുവാക്കളെ കൈപിടിച്ച് കയറ്റുക കൂടിയാണ് സംവിധായകൻ മുസ്‌തഫ ഈ ചിത്രത്തിലൂടെ. കേരളത്തിലെ പ്രമുഖ നിർമാണ - വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ റിയ ഷിബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ഈ മാസം എട്ടിന് പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ ശ്രദ്ധയാകർഷിച്ച സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. മിഥുൻ മുകുന്ദൻ ആണ് സംഗീത സംവിധാനം.
കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - നിസാർ റഹ്മത്ത്, ആക്ഷൻ - പി സി സ്റ്റണ്ട്‌സ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്. പി ആർ ഒ - പ്രതീഷ് ശേഖർ. തിരുവനന്തപുരത്തിന് പുറമെ മധുര, തെങ്കാശി, ബെംഗളൂരു എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.
ALSO READ:സുരേഷ് ഗോപിയുടെ 'എസ്‌ജി 257' ഇനി 'വരാഹം'; ടൈറ്റിൽ പുറത്ത്
അതേസമയം അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ 'കപ്പേള'യിൽ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. സുധി കോപ്പ, തന്‍വി റാം, നീല്‍ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷ സാരംഗ്, മുഹമ്മദ് മുസ്‌തഫ എന്നിവരും അണിനിരന്ന ചിത്രം കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‌ണു വേണുവാണ് നിർമിച്ചത്. വിവിധ ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്‌തിരുന്നു. അനിഖ സുരേന്ദ്രന്‍ ആണ് തെലുഗു റീമേക്കിൽ നായികയായി എത്തിയത്.