മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'നേര്'. 'നേരി'ന്‍റെ ഔദ്യോഗിക ട്രെയിലര്‍ റിലീസ് ചെയ്‌തു (Neru Official Trailer). മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'നേര്' ട്രെയിലര്‍ പങ്കുവച്ചത്.
കേസും വാദവും കോടതി മുറിയും പരിസരവുമാണ് ചിത്രപശ്ചാത്തലം. വക്കീല്‍ ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ മോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ എതിര്‍ഭാഗം വക്കീലായി സിദ്ദിഖും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങളും 2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണാം. ധീരതയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലറില്‍ പരാമര്‍ശിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ 'നേരി'ന്‍റെ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Neru Official Poster). കോടതിയും നിയമ യുദ്ധവും കോർത്തിണക്കിയ കോർട്ട് റൂം ഡ്രാമയാണ് ചിത്രം. കോടതി മുറിയ്‌ക്കുള്ളിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ജീത്തു ജോസഫ് ആണ് സിനിമയുടെ സംവിധാനം. 'നേരി'ലൂടെ കോടതി നടപടികൾ തികച്ചും റിയലിസ്‌റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയുടെ കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുമെന്നാണ് സൂചന.
Also Read:മോഹന്‍ലാലും പ്രിയാമണിയും നേര്‍ക്കുനേര്‍? ജീത്തു ജോസഫ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍
'ദൃശ്യം 2'വിന്‍റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'നേര്' (Mohanlal Jeethu Joseph movie). ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
പ്രിയാമണി, അനശ്വര രാജൻ, ഗണേഷ് കുമാർ, ജഗദീഷ്, നന്ദു, മാത്യു വർഗീസ്, കലേഷ്, ശ്രീധന്യ, ദിനേശ് പ്രഭാകർ, ശാന്തി മായാദേവി, ശങ്കർ ഇന്ദുചൂഡൻ, ഡോ.പ്രശാന്ത്, രമാദേവി, രശ്‌മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും.
ശാന്തി മായാദേവിയാണ് 'നേരി'ന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫും ശാന്തിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് ആവാന്‍ തനിക്ക് അവസരവും പ്രചോദനവും നൽകിയത് ജീത്തു ജോസഫ് ആണെന്ന് 'നേരി'ന്‍റെ പൂജ വേളയില്‍ ശാന്തി മായാദേവി പറഞ്ഞിരുന്നു.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിര്‍മാണം. ആശിർവാദ് സിനിമാസിൻ്റെ 33-ാമത്തെ ചിത്രം കൂടിയാണ് 'നേര്'. അതേസമയം മോഹൻലാലിനൊപ്പമുള്ള ജീത്തു ജോസഫിന്‍റെ നാലാമത്തെ ചിത്രവും, ആശിർവാദ് സിനിമാസിനൊപ്പമുള്ള അഞ്ചാമത്തെ ചിത്രവുമാണ് 'നേര്'.
വിനായക് ശശികുമാറിൻ്റെ ഗാനങ്ങള്‍ക്ക് വിഷ്‌ണു ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
കലാസംവിധാനം - ബോബൻ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, എസ് എ ഭാസ്ക്കരൻ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം എന്നിവരും നിര്‍വഹിക്കുന്നു.
Also Read:വക്കീല്‍ കുപ്പായം ഇല്ല, പക്ഷേ ഗൗരവം ഉണ്ട്; 'നേര്' പുതിയ പോസ്‌റ്ററില്‍ നിറഞ്ഞ് മോഹന്‍ലാല്‍