ലിജോ ജോസ് പെല്ലിശ്ശേരി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്‌റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
അണിയറപ്രവര്‍ത്തകരുടെ പേര് വിവരങ്ങളോടു കൂടിയുള്ളതാണ് പോസ്‌റ്റര്‍. ഓള്‍ഡ് മങ്ക്‌സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. 'മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന' എന്ന് ടൈറ്റില്‍ പോസ്‌റ്ററിന് മുകളില്‍ എഴുതിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്നും ടൈറ്റിലിന് മുകളില്‍ പതിവ് പോലെ ആലേഖനമുണ്ട്.
ഒരു ഗുസ്‌തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്നും സൂചനയുണ്ട്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും 'മലൈക്കോട്ടെ വാലിബന്‍'.