സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍'. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ല്‍ മോഹന്‍ലാലും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴിലെ പ്രമുഖ ട്രെയിഡ് അനലിസ്‌റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രമാകും സിനിമയില്‍ മോഹന്‍ലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയ വേഷമാകും താരത്തിനെന്നും ട്രെയിഡ് അനലിസ്‌റ്റുകള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും 'ജയിലര്‍'.
കന്നഡ സൂപ്പര്‍സ്‌റ്റാര്‍ ശിവ്‌രാജ് കുമാറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വിനായകന്‍ തുടങ്ങിയവരും വേഷമിടുന്നു. വിജയ് കാര്‍ത്തിക് കണ്ണാനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു. സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.