കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ചിത്രമായി 'മൊയ്‌ഡർ' (MOEDER) വരുന്നു. ചിത്രത്തിന്‍റെ പൂജ, ലോഗോ ലോഞ്ച് ചടങ്ങ് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. പതിവ് ശൈലിയിൽ നിന്നും വേറിട്ട് നിന്ന ചടങ്ങ് പുതിയൊരു മാതൃക കൂടിയാണ് തീർത്തത്.
എറണാകുളം ഗേറ്റ് വേ ഹോട്ടലിൽ വച്ചാണ് 'മൊയ്‌ഡർ' സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങ് നടന്നത്. അറുനൂറോളം സിനിമകൾക്ക് സിത്താറിന്‍റെ ഈണം പകർന്ന പണ്ഡിറ്റ് ഐ കൃഷ്‌ണകുമാർ ജി എന്ന അതുല്യ കലാകാരനെ ആദരിച്ച് കൊണ്ടായിരുന്നു സിനിമയ്‌ക്ക് അണിയറക്കാർ തുടക്കമിട്ടത്. നമുക്കിടയില്‍ ഉണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്‌ചപ്പാടിനാണ് ഇതിലൂടെ തുടക്കമായത്.
പൂജ കർമ്മം മാതൃകപരമായി നിർവ്വഹിച്ച്, ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കത്തിന് തിരിതെളിച്ച 'മൊയ്‌ഡർ' ടീം കയ്യടി നേടുകയാണ്. രാജസേനൻ, നഞ്ചിയമ്മ, എ കെ പുതുശ്ശേരി, സലാം ബാപ്പു, ശിവജി ഗുരുവായൂർ, എം എൻ ബാദുഷ, അഷ്റഫ് പണ്ടാരതൊടി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്ത് സിനിമയ്‌ക്ക് ആശംസകൾ നേർന്നു.
നവാഗതനായ എസ്‌പിഎസ് നെന്മാറ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊയ്‌ഡർ'. വളരെ ഏറെ കാലിക പ്രസക്തിയുള്ള ഈ സിനിമ ഐ മൂവീ മേക്കേഴ്സിന്‍റെ ബാനറിൽ വി ഡി മണിക്കുട്ടൻ ആണ് നിർമിക്കുന്നത്. സമൂഹത്തിൽ നമ്മളാരുമറിയാതെ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദത്തെ ആസ്‌പദമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം.