കൊച്ചി : മിമിക്രി കലാകാരനും സിനിമ താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടിനേടിയ കലാഭവൻ ഹനീഫ് നാടകത്തിലൂടെയും മിമിക്രിയിലൂടെയുമാണ് തന്‍റെ കലാജീവിതം ആരംഭിക്കുന്നത്. ഇതുവരെ നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ പറക്കും തളികയിലെ ഹനീഫ് അവതരിപ്പിച്ച മണവാളന്‍റെ വേഷം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്‍റെ ജനനം. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലേക്ക് എത്തിക്കുന്നത്.
ക്രമേണ കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി ഹനീഫ് മാറി. സെയിൽസ്‌മാനായി ജോലി നോക്കവെയാണ് മിമിക്രി കലാ വേദിയിലേക്ക് ഹനീഫ് കടന്നുവരുന്നത്. ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്‌ക്കുന്നത് 'ചെപ്പുകിലുക്കണ ചങ്ങാതി' എന്ന സിനിമയിലൂടെയാണ്.
'വെള്ളരിപ്രാവിന്‍റെ ചങ്ങാതി', 'ഈ പറക്കും തളിക', 'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ', ദൃശ്യം, ഡ്രൈവിംഗ് ലൈസൻസ്, ഉസ്‌താദ് ഹോട്ടൽ, 2018 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. ഈ വർഷം പുറത്തിറങ്ങിയ 'ജലധാര പമ്പ് സെറ്റ്' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. മലയാള ടെലിവിഷൻ മേഖലയിലും നിരവധി സംഭാവനകൾ നൽകിയാണ് പ്രിയ കലാകാരന്‍റെ മടക്കം.
ഹനീഫ് ഇക്കയുമായി ഉണ്ടായിരുന്നത് അടുത്ത സൗഹൃദബന്ധം : നല്ല ഹാസ്യബോധവും നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു അന്തരിച്ച കലാഭവൻ ഹനീഫെന്ന് നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍. താന്‍ നായകനായി അഭിനയിച്ച 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലെ അദ്ദേഹത്തിന്‍റെ വേഷം ഇപ്പോഴും ജനഹൃദയങ്ങളിലുണ്ടെന്നും വിഷ്‌ണു പറഞ്ഞു. താനും, ബിപിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ എഴുതിയ 'അമർ അക്ബർ അന്തോണി'യിലെ ആദ്യരംഗം ചിത്രീകരിച്ചത് കലാഭവൻ ഹനീഫിനെ വച്ചായിരുന്നു. തുടർന്ന് തന്‍റെ എല്ലാ സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ടെന്ന് വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ ഓർത്തു.
'താങ്ങാനാവുന്നില്ല' : കലാഭവൻ ഹനീഫിന്‍റെ വിയോഗം താങ്ങാനാകുന്നതല്ലെന്ന് നടന്‍ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു. 'വേൾഡ് ഓഫ് കൗണ്ടർ' എന്ന പേരിൽ ഹനീഫ് ഉൾപ്പെടുന്ന ഒരു കൂട്ടായ്‌മയുണ്ട്. കലാഭവൻ ഷാജോൺ, നാദിർഷ, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് പ്രസാദ് തുടങ്ങിയവരാണ് കൂട്ടായ്‌മയിലെ മറ്റ് പ്രമുഖർ. ഇതിലൂടെ നിരവധി സഹായ പ്രവർത്തനങ്ങൾ ഹനീഫ് ചെയ്‌ത് പോന്നിരുന്നതായി പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.
READ MORE:'വിയോഗം താങ്ങാനാകുന്നതല്ല, നഷ്‌ടപ്പെട്ടത് ജ്യേഷ്‌ഠ സഹോദരനെ': കലാഭവൻ ഹനീഫിന്‍റെ വിയോഗത്തില്‍ ചലച്ചിത്ര താരങ്ങള്‍
വളരെയധികം ആക്‌റ്റീവായ വ്യക്തിത്വമായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ചില പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 15 ദിവസമായി നിർത്താതെയുള്ള ചുമയുമുണ്ടായിരുന്നു. പക്ഷേ ഇത്രയും പെട്ടെന്ന് നമ്മളെയൊക്കെ വിട്ടുപോകുമെന്ന് കരുതിയില്ലെന്നും പ്രശാന്ത് ഇടിവി ഭാരതിനോട് പ്രതികരിച്ചു.