Ayisha video song : മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ആയിഷ. ഇന്തോ അറബിക് ചിത്രമായി ഒരുങ്ങുന്ന ആയിഷയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. കണ്ണില് കണ്ണില് എന്ന് തുടങ്ങുന്നതാണ് ഗാനം.
മഞ്ജുവിന്‍റെ ചടുല നൃത്ത ചുവടുകളാണ് ഗാനരംഗത്തില്‍. പ്രഭുദേവയുടെ കൊറിയോഗ്രഫിയിലൊരുങ്ങിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രഭുദേവ മലയാള സിനിമയില്‍ നൃത്ത സംവിധായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആയിഷയ്‌ക്കുണ്ട്.
ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം. ഡോ.നൂറ അല്‍ മര്‍സൂഖിയുടേതാണ് അറബിക് വരികള്‍. സിനിമ ഈ മാസം തന്നെ തിയേറ്ററുകളിലെത്തുമെന്ന് മഞ്ജു നേരത്തെ തന്നെ അറിയിച്ചിരുന്നു.
ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. ഏഴ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ റിലീസ് ചെയ്യുന്നത്.
Also Read: 'റൈഡര്‍ ജാക്കറ്റില്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍, ഒപ്പം തല അജിത്തും'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. പൂര്‍ണിമ, സജ്‌ന, ലത്തീഫ (ടുണീഷ്യ), ജെന്നിഫര്‍ (ഫിലിപ്പെന്‍സ്), സലാമ (യുഎഇ), സറഫീന (നൈജീരിയ), ഇസ്ലാം (സിറിയ), സുമയ്യ (യമന്‍) തുടങ്ങി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
ക്രോസ് ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മാണം. ഫെതര്‍ ടച്ച് മുവീ ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പിബി എന്നിവരാണ് സഹ നിര്‍മാതാക്കള്‍.