മണി രത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതിയാണ് 'പൊന്നിയിൻ സെൽവൻ'. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത 'പൊന്നിയിന്‍ സെല്‍വന്‍' ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ 2' അഥവാ 'പിഎസ് 2' സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'പൊന്നിയിൻ സെൽവൻ 2'ന്‍റെ പോസ്‌റ്റര്‍ പുറത്തിറങ്ങി. വിക്രമും ഐശ്വര്യ റായുമാണ് പോസ്‌റ്ററില്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്‌റ്റര്‍ പങ്കുവച്ചരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'അവരുടെ കണ്ണുകളിൽ തീ. അവരുടെ ഹൃദയത്തിൽ സ്‌നേഹം. അവരുടെ വാളുകളിൽ രക്തം. സിംഹാസനത്തിനായി പോരാടാൻ ചോളന്മാർ വീണ്ടും വരും!' -ലൈക്ക പ്രൊഡക്ഷന്‍സ് കുറിച്ചു.
സിനിമയുടെ പോസ്‌റ്ററിലൂടെ ട്രെയിലര്‍ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മാര്‍ച്ച് 29നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ പുറത്തിറങ്ങുക. പ്രൊഡക്ഷൻ ബാനറുകളായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് തീയതി പങ്കുവച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് 'പിഎസ് 2'ന്‍റെ ടീസർ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. അടുത്തിടെ, 'പിഎസ് 2'ലെ ആദ്യ ഗാനമായ 'റുവാ റുവാ'യുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഗുൽസാറിന്‍റെ ഗാന രചനയില്‍ എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ശില്‍പ റാവു ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഗാനത്തെ കുറിച്ചുള്ള ശില്‍പ റാവുവിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. 'എആർ റഹ്മാൻ സാറിനും മണിരത്‌നം സാറിനും വേണ്ടി പാടുന്നത് ഒരു ബഹുമതിയാണ്. മണി സാറിന്‍റെ ചിത്രങ്ങള്‍ കണ്ട് വളർന്നവരിൽ ഒരാളാണ് ഞാന്‍. എനിക്കിപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് തികഞ്ഞ ബഹുമതിയാണ്. 'പൊന്നിയിന്‍ സെല്‍വന്‍ 2'ലെ താരനിര എന്നെ അതിശയിപ്പിക്കുന്നതാണ്. വളരെ മനോഹരമായ ക്രമീകരണത്തിലാണ് റുവാ റുവാ പ്രണയഗാനം ഒരുക്കിയിരിക്കുന്നത്.
ഇതുപോലെ ഒന്ന് ഞാൻ ഇതുവരെ പാടിയിട്ടില്ല. എനിക്കിത് വളരെ പുതുമ ഉള്ളതായി തോന്നുന്നു. എആര്‍ റഹ്മാൻ സാർ വളരെ മനോഹരമായി തന്നെ ഈ ഗാനം ഒരുക്കി. മനോഹര താളമുള്ള ഗാനം ആലപിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ എന്നത്തെയും പോലെ ഇക്കുറിയും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ഗുൽസാർ സാഹബ് ആണ് ഗാനരചന. ഇത്തരം ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു... ഇതിഹാസങ്ങളുടെ ഗാനത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു തികഞ്ഞ ബഹുമതിയായി ഞാൻ കരുതുന്നു.' -ശില്‍പ റാവു പറഞ്ഞു.
എഴുത്തുകാരൻ കൽക്കി കൃഷ്‌ണമൂർത്തിയുടെ തമിഴ് നോവലായ 'പൊന്നിയിന്‍ സെല്‍വന്‍റെ' സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യ റായ് ബച്ചന്‍, ചിയാൻ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയവരാണ് ആദ്യ ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്. ഇവര്‍ തന്നെയാണ് 'പിഎസ് 2'ലും അഭിനയിക്കുന്നത്.
2010ൽ നിരൂപക പ്രശംസ നേടിയ 'രാവൺ' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പര്‍ താരം വിക്രമുമായുള്ള ഐശ്വര്യയുടെ മൂന്നാമത്തെ സഹകരണമാണ് 'പിഎസ് 2'. സിനിമയില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് പ്രത്യക്ഷപ്പെട്ടത്. പഴുവൂരിലെ രാജകുമാരി നന്ദിനി രാജ്ഞി, മന്ദാകിനി ദേവി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത്. 2023 ഏപ്രിൽ 28നാണ് ചിത്രം റിലീസിനെത്തുക.
Also Read:തരംഗമായി റുവാ റുവാ; പൊന്നിയിന്‍ സെല്‍വന്‍ 2ലെ ആദ്യ ഗാനം പുറത്ത്