കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ സ്‌ക്വാഡ് എത്തി! പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ' സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ സെക്കന്‍ഡ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡി'ലെ നാലംഗ സംഘത്തിന്‍റെ ലുക്കാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വര്‍മ എന്നിവരാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍. പോസ്‌റ്ററില്‍ ഇവര്‍ നാലു പേരും അല്‍പം ഗൗരവത്തിലാണ് കാണപ്പെടുന്നത്.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ക്ലോസപ്പിലുള്ള മമ്മൂട്ടിയുടെ മുഖവും ജീപ്പ് ലൈറ്റിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ നാല് പേര്‍ നടക്കുന്നതുമായിരുന്നു പോസ്റ്ററില്‍.
അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. വയനാട്ടിലായിരുന്നു അവസാന ഷെഡ്യൂളിന്‍റെ ചിത്രീകരണം. പത്ത് ദിവസത്തെ ഷെഡ്യൂളായിരുന്നു വയനാട്ടില്‍. പൂനെയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വയനാട്ടിലെ ചിത്രീകരണം. സിനിമയിലെ ഏതാനും ചില രംഗങ്ങള്‍ എറണാകുളത്തും ചിത്രീകരിച്ചിരുന്നു. മുംബൈ, പൂനെ, അതിരപ്പിള്ളി, പാലാ, കണ്ണൂര്‍, കൊച്ചി, വയനാട് എന്നിവിടങ്ങളിലായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ചിത്രീകരണം.
റോബി വര്‍ഗീസ് ആണ് 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ' സംവിധാനം. റോബി വര്‍ഗീസിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' എന്നീ ചിത്രങ്ങളുടെ ഛാഗ്രാഹകനാണ് റോബി വര്‍ഗീസ്.
മുഹമ്മദ് ഷാഫിയുടെതാണ് കഥ. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും.