മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്‌മായിലിന്‍റെ വിയോഗത്തില്‍ വേദനയിലാണ് താര കുടുംബം. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയ നടന്‍റെ മാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയും മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ ഉമ്മ ഒരു പാവമായിരുന്നു എന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്.
'എന്‍റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലും ഒന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്‍റെ സിനിമയില്‍ ഏതാണ് ഇഷ്‌ടം, ഏത് കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്ന് ആരെങ്കിലും ചോദിച്ചാലും ഉമ്മ കൈ മലര്‍ത്തും. അങ്ങനെ ഒന്നും പറയാന്‍ ഉമ്മയ്‌ക്ക് അറിയില്ല' -മമ്മൂട്ടി പറഞ്ഞു.
പ്രകോപിപ്പിക്കാന്‍ നോക്കിയാലും തന്‍റെ ഉമ്മ ചിരിക്കാറാണ് പതിവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 'ഉമ്മയ്‌ക്ക് എന്നെ ഒട്ടും ഇഷ്‌ടമല്ലെന്നും മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹമെന്നും പറഞ്ഞ് ഞാന്‍ ഇടയ്‌ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.
കുറേ ദിവസമായി ഉമ്മ ഇപ്പോള്‍ എന്‍റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്‌ക്ക് തോന്നും ഇളയ മകന്‍റെ അടുത്തേയ്‌ക്ക് പോകണമെന്ന്. എന്നെ അവിടെ കൊണ്ടാക്ക് എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്‌ച അവിടെ താമസിച്ച് കഴിഞ്ഞ് അടുത്ത മകന്‍റെ വീട്ടിലേയ്‌ക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും എന്‍റെ കണ്ണെത്തുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ' -ഉമ്മയെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍.