മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബസൂക്ക' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടി തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചത്. 'ബസൂക്ക എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്‌റ്റര്‍ അവതരിപ്പിക്കുന്നു. ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്' -ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.
സ്യൂട്ട് ധരിച്ച് കൈകളുടെ പിറകില്‍ തോക്കൊളിപ്പിച്ച് ശാന്തനായി നില്‍ക്കുന്ന താരത്തെയാണ് ടൈറ്റില്‍ പോസ്‌റ്ററില്‍ കാണാനാവുക. കൈയില്‍ തോക്കുണ്ടെങ്കിലും നായകന്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുന്നതായാണ് പോസ്റ്ററില്‍.
നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കും. മിഥുൻ മുകുന്ദൻ ആണ് സംഗീതം.
തിയേറ്റർ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്ര, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
Also Read:'നന്‍പകല്‍ നേരത്ത് മയക്കം' ന്യൂയോര്‍ക്ക് ടൈംസിന്‍റെ അഞ്ച് മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ
ഒറ്റനാണയം, എന്നിട്ടും തുടങ്ങിയ സിനിമകളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് ബസൂക്കയുടെ സംവിധായകന്‍ ഡീനൊ ഡെന്നിസ്. കൂടാതെ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റെ മകനാണ് ഡീനൊ. സംവിധായകൻ ജോഷിയുമായി സഹകരിച്ച് നിരവധി സിനിമകള്‍ ചെയ്‌തിട്ടുണ്ട് കലൂര്‍ ഡെന്നിസ്. മമ്മൂട്ടി അഭിനയിച്ച കൂട്ടിനിളംകിളി, പ്രതിജ്ഞ, ആ രാത്രി, അലകടലിനക്കരെ, ഇടവേളയ്ക്ക് ശേഷം, സന്ദർഭം, മലരും കിളിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥകൾ കലൂര്‍ ഡെന്നിസ് രചിച്ചിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം', ബി ഉണ്ണികൃഷ്‌ണന്‍റെ 'ക്രിസ്‌റ്റഫര്‍', നിസാം ബഷീറിന്‍റെ 'റോഷാക്ക്' എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മമ്മൂട്ടിയുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ് ലിജോ ജോസ് 'നന്‍പകല്‍ നേരത്ത് മയക്കം' ഒരുക്കിയത്. 'നന്‍പകല്‍ നേരത്ത് മയക്കത്തില്‍' മമ്മൂട്ടിയുടെ മാസ്‌മരിക പ്രകടനമാണ് കാണാനായത്. ചിത്രം കണ്ട ശേഷം മമ്മൂട്ടിയുടെ അഭിനയ മികവിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു
റോബി വർഗീസ് രാജിന്‍റെ 'കണ്ണൂർ സ്‌ക്വാഡ്', അഖിൽ അക്കിനേനിക്കൊപ്പം അഭിനയിക്കുന്ന തെലുഗു ചിത്രം 'ഏജന്‍റ്', ജിയോ ബേബിയുടെ 'കാതൽ' എന്നിവയാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനായെത്തിയ 'കാപ്പ'യാണ് തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിച്ച ആദ്യ ചിത്രം. 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആണ് ഈ നിര്‍മാണ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം.
Also Read:'ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെ'; മധുവിന് വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ മമ്മൂട്ടിയെ കുറിച്ച് റോബര്‍ട്ട്