മമ്മൂട്ടിയുടെ 72-ാമത് ജന്മദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമ ലോകത്ത് നിന്നും സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും താരത്തിന് പിറന്നാള്‍ ആശംസകളും നിരവധി സര്‍പ്രൈസുകളും സമ്മാനങ്ങളുമാണ് ലഭിച്ചിട്ടുള്ളത്.
മലയാളികളുടെ മമ്മൂക്ക..:മലയാളികള്‍ക്ക് മമ്മൂട്ടി എന്നാല്‍ ഒരു വികാരമാണ്. ആലപ്പുഴ ജില്ലയിലെ ചാന്ദിരൂർ എന്ന ഗ്രാമത്തില്‍ 1951 സെപ്‌റ്റംബര്‍ ഏഴിന് ജനിച്ച പിഐ മുഹമ്മദ് കുട്ടി പനപ്പറമ്പില്‍ ഇസ്‌മായില്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയായി. സിനിമയിലെത്തിയ മമ്മൂട്ടിയെ ആരാധകര്‍ മമ്മൂക്ക എന്ന ഓമനപ്പേരില്‍ വിളിച്ചു. പിന്നീട് വല്ല്യേട്ടന്‍, മെഗാസ്‌റ്റാര്‍, താരരാജാവ് തുടങ്ങിയ നിരവധി പേരുകളും അദ്ദേഹത്തിന് സ്വന്തമായി...
പ്രേക്ഷകരെ വിസ്‌മയിച്ച അതുല്യ പ്രതിഭ: മലയാള സിനിമയിലെ ആദരണീയനായ നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍, അദ്ദേഹം എണ്ണമറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ആക്ഷനോ കോമഡിയോ പ്രണയമോ എന്തും ആകട്ടെ, ഏത് റോളുകളും അദ്ദേഹത്തിന്‍റെ കൈകളില്‍ സുരക്ഷിതം.
സങ്കീർണ്ണമായ കഥാപാത്രങ്ങളെ പോലും അനായാസം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അഭിനയ മികവില്‍ ഏവരും വിസ്‌മയംകൊണ്ടു. അത്തരത്തില്‍ നിരവധി കഥാപാത്രങ്ങളായി ക്യാമറയ്‌ക്ക് പിന്നില്‍ ജീവിച്ച മമ്മൂട്ടി പ്രേക്ഷകഹൃദയങ്ങള്‍ അനായാസം കീഴടക്കി.
20-ാം വയസില്‍ അരങ്ങേറ്റം: 1971ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകള്‍' (Anubhavangal Paalichakal) എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറുമ്പോള്‍ മമ്മൂട്ടിക്ക് അന്ന് 20 വയസ്. ശേഷം നിരവധി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1980ൽ പുറത്തിറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' (Vilkkanundu Swapnangal) എന്ന സിനിമയാണ് മമ്മൂട്ടിക്ക് അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. സുകുമാരന്‍, ശ്രീവിദ്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത്.
തൃഷ്‌ണയിലൂടെ നായകനായി അരങ്ങേറ്റം: തുടര്‍ന്ന് 1981ൽ പുറത്തിറങ്ങിയ 'തൃഷ്‌ണ' (Thrishna) എന്ന സിനിമയിലൂടെ മമ്മൂട്ടി നായകനായും മാറി. എൺപതുകളുടെ തുടക്കത്തിലാണ് നായക നടനായി മമ്മുട്ടിയ്‌ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തുടര്‍ന്ന് നിരവധി ബ്ലോക്ക്‌ബസ്‌റ്റര്‍ ഹിറ്റുകളും അദ്ദേഹം മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും സംഭാവന ചെയ്‌തു.
മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രങ്ങള്‍: അദ്ദേഹത്തിന്‍റെ ഈ 72-ാം ജന്മദിനത്തില്‍ ഓരോ മലയാളിയും കണ്ടിരിക്കേണ്ട അദ്ദേഹത്തിന്‍റെ മികച്ച 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. മൃഗയ (1989):ലോഹിതദാസിന്‍റെ തിരക്കഥയില്‍ 1989ല്‍ ഐവി ശശി സംവിധാനം ചെയ്‌ത ചിത്രമാണ് 'മൃഗയ'. ഒരു നായാട്ടുകാരന്‍റെ വേഷത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. പുലിയെ കൊല്ലാൻ നാട്ടിൽ തമ്പടിച്ച വാറുണ്ണി എന്ന കുത്തഴിഞ്ഞ ജീവിതത്തിനുടമയായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടി എന്ന നടന്‍റെ മറ്റൊരു നടന വിസ്‌മയമായിരുന്നു വാറുണ്ണിയിലൂടെ താരം പ്രകടമാക്കിയത്. ഈ സിനിമയിലൂടെ ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചു.
2. ഒരു വടക്കൻ വീരഗാഥ (1989):യുദ്ധ വൈദഗ്‌ധ്യത്തിനും ധീരതയ്ക്കും പേരുകേട്ട, ആയോധനകലയില്‍ പ്രാവീണ്യം നേടിയ വടക്കേ മലബാറിലെ ധീര യോദ്ധാവ്, ചന്തു ചേകവരുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ചരിത്ര നാടകമാണ് 1989ല്‍ പുറത്തിറങ്ങിയ 'ഒരു വടക്കൻ വീരഗാഥ'. ഒരു ധീര യോദ്ധാവിന്‍റെ വേഷം കെട്ടി ആ കഥാപാത്രത്തിന്‍റെ ആഴത്തിലേയ്‌ക്ക് ഇറങ്ങിച്ചെന്ന് അഭിനയിച്ച് ഫലിപ്പിച്ച മമ്മൂട്ടി ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി.
3. മതിലുകൾ (1990):മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് 'മതിലുകള്‍' എന്ന സിനിമയിലെ എഴുത്തുകാരനും ആക്‌ടിവിസ്‌റ്റുമായ വൈക്കം മുഹമ്മദ് ബഷീറായുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം. വൈക്കം മുഹമ്മദ് ബഷീറായി പകര്‍ന്നാടിയ മമ്മൂട്ടിക്ക്, ഈ സിനിമയിലെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അടൂർ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് ഏറെ നിരൂപക പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.