കേരളം

kerala

'പരിഭവം ഉണ്ട്‌, ജീവിതമെന്നത്‌ മനസിലെ വാശിയായിരുന്നു; വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്‌'

Mallika Sukumaran about her husband: സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് സുകുമാരന്‍ എന്ന്‌ മല്ലിക സുകുമാരന്‍

By

Published : Jun 12, 2022, 3:28 PM IST

Published : Jun 12, 2022, 3:28 PM IST

Mallika Sukumaran remembering Sukumaran  വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്‌  Mallika Sukumaran about her husband
'പരിഭവം ഉണ്ട്‌, ജീവിതമെന്നത്‌ മനസിലെ വാശിയായിരുന്നു; വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്‌'

Mallika Sukumaran remembering Sukumaran: അന്തരിച്ച പ്രമുഖ നടന്‍ സുകുമാരന്‍റെ ഓര്‍മകളില്‍ ഭാര്യ മല്ലിക സുകുമാരന്‍. ജൂണ്‍ 16ന് സുകുമാരന്‍ ഓര്‍മയായിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ചില ഓര്‍മകള്‍ പങ്കുവയ്‌ക്കുകയാണ് മല്ലിക സുകുമാരന്‍. തന്‍റെ ജീവിതത്തിലേയ്‌ക്ക് ദൈവദൂതനെ പോലെ കടന്നുവന്ന ആളാണ് സുകുവേട്ടന്‍ എന്ന് മല്ലിക പറയുന്നു. സുകുമാരന്‍റെ 25-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ ഈ വെളിപ്പെടുത്തല്‍.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് സുകുമാരന്‍ എന്നാണ് മല്ലിക പറയുന്നത്‌. 'ആരായാലും പറയാനുള്ളത് ചങ്കൂറ്റത്തോടെ മുഖത്തു നോക്കി പറയും. സിനിമയിലെ വിപ്ലവകാരി, അഹങ്കാരി എന്നൊക്കെ പലരും കുറ്റപ്പെടുത്തി. സത്യമെന്ന് തോന്നുന്നത് പറഞ്ഞു ശീലിച്ചു. ഇക്കാര്യം മക്കളെയും പഠിപ്പിച്ചു. സുകുവേട്ടന്‍ പോയതോടെ ഞാനും രണ്ട് കുട്ടികളും തനിച്ചായി. ജീവിതം ശൂന്യമായത്‌ പോലെ. പക്ഷേ പിടിച്ചു നില്‍ക്കാതെ പറ്റില്ലായിരുന്നു. അതിന് കരുത്ത് പകര്‍ന്നതും സുകുവേട്ടനായിരുന്നു.

എന്‍റെ ജീവിതത്തിലേയ്‌ക്ക് ദൈവദൂതനെ പോലെ കടന്നുവന്ന ഒരാള്‍. അദ്ദേഹം പോകുമ്പോള്‍ അത്യാവശ്യം ഭൂമിയുണ്ട്‌. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ട്‌. പണം ഒരിക്കലും ആര്‍ഭാടത്തിന് ചെലവഴിച്ചിരുന്നില്ല. ഉളള സമ്പാദ്യം വച്ച് ജീവിതം നന്നായി പ്ലാന്‍ ചെയ്‌തു. ലോണുകള്‍ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്‌തിരുന്നു. എല്ലാറ്റിലും ഞങ്ങളുടെ മേല്‍ ഒരു കരുതലുണ്ടായിരുന്നു.

അന്നെനിക്ക് 39 വയസാണ്. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്‌. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയൂ. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നത്‌ മാത്രമായിരുന്നു എന്‍റെ ചിന്ത. ഞാന്‍ പതറിയാല്‍, സങ്കടപ്പെട്ടാല്‍ അതില്‍ നിന്നുള്ള ബലഹീനതയില്‍ എന്‍റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത്‌ മനസിലെ വാശിയായിരുന്നു. മക്കളെ നന്നായി വളര്‍ത്തണം. സുകുവേട്ടന്‍ എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു. എന്‍റെ മക്കള്‍ക്ക് എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ അതില്‍ വിജയിച്ചു എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്‍റെ ചിത്രമുണ്ട്‌. അതിലേയ്‌ക്ക് നോക്കുമ്പോള്‍ മല്ലികേ.. എന്ന് നീട്ടിയുളെളാരു വിളി കേള്‍ക്കാം. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട്‌ ഇരിക്കുന്നത് കാണാം. എന്നാലും എന്നെ ഒറ്റയ്‌ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്‌. അതൊക്കെ പോട്ടെടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും', മല്ലിക സുകുമാരന്‍ പറഞ്ഞു.

Also Read: '20 ലക്ഷം വിലയുള്ള ആ സാധനം രാജുവിന്‍റേല്‍ കാണും'; പൃഥ്വിയുടെ 2 ക്രേസുകളെ കുറിച്ച് മല്ലിക സുകുമാരന്‍

ABOUT THE AUTHOR

...view details