കേരളം

kerala

ETV Bharat / entertainment

13 പുരസ്‌കാരങ്ങളുമായി മാറ്റ് കൂട്ടി മലയാളം, ആകെ 15 - ദേശീയ ചലച്ചിത്ര പുരസ്‌കാരം

68th National Film Awards: മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സഹ നടന്‍, മികച്ച പിന്നണി ഗായിക, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ഇത്തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായത്. അന്തരിച്ച സംവിധായകന്‍ സച്ചി ആണ് മികച്ച സംവിധായകന്‍.

68th National Film Awards  ദേശീയ ചലച്ചിത്ര പുരസ്‌കാരം  മലയാള സിനിമയ്‌ക്ക് 13 പുരസ്‌കാരങ്ങള്‍
ദേശീയ ചലച്ചിത്ര പുരസ്‌കാരം; മലയാള സിനിമയ്‌ക്ക് 13 പുരസ്‌കാരങ്ങള്‍; ആകെ 15

By

Published : Jul 22, 2022, 8:10 PM IST

68th National Film Awards: അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാള സിനിമ. പുരസ്‌കാര പ്രഖ്യാപനം നടത്തുമ്പോള്‍ ഇക്കുറി മലയാള സിനിമയ്‌ക്ക്‌ മാത്രം ലഭിച്ചത് 13 പുരസ്‌കാരങ്ങളാണ്. കൂടാതെ മലയാളി സാന്നിധ്യം അറിയിച്ച് മറ്റ് ഭാഷ സിനിമകള്‍ കൂടിയാകുമ്പോള്‍ മലയാളിത്തിളക്കം 15 ആയി.

മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സഹ നടന്‍, മികച്ച പിന്നണി ഗായിക, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ഇത്തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായത്. അന്തരിച്ച സംവിധായകന്‍ സച്ചി ആണ് മികച്ച സംവിധായകന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റ സംവിധാനത്തിനാണ് സച്ചിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര പ്രഖ്യാപന വേളയില്‍ സച്ചി ഇല്ലാതെ പോയതിന്‍റെ ദു:ഖത്തിലാണ് മലയാള സിനിമ ലോകം. 2020 ജൂണ്‍ 18നാണ് സച്ചി അന്തരിച്ചത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അയ്യപ്പനെ അവിസ്‌മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന സിനിമയ്‌ക്കായി കലക്കാത്താ സന്ദനമേലേ എന്ന നാടന്‍ പാട്ട്‌ പാടിയ അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ ആണ് മികച്ച പിന്നണി ഗായിക ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുള ഭാഷയില്‍ ഒരുക്കിയ ഈ ഗാനത്തിന്‍റെ രചിയതാവ് കൂടിയാണ് നഞ്ചിയമ്മ. സിനിമയെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ മാഫിയ ശശിയും പുരസ്‌കാരത്തിന് അര്‍ഹനായി.

സൂരറൈ പോട്രെയിലൂടെ മലയാളത്തിന്‍റെ പ്രിയ നടി അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. സുധാ കൊങ്കരയ്ക്കൊപ്പം മികച്ച തിരക്കഥയുള്ള പുരസ്‌കാരം മലയാളിയായ ശാലിനി ഉഷാ നായര്‍ നേടിയിരുന്നു.

സംവിധായകന്‍ വികെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത മലയാള ചിത്രം 'വാങ്ക്‌' ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ശബ്‌ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹകന്‍ നിഖില്‍ എസ്‌ പ്രവീന്‍ സ്വന്തമാക്കി. കപ്പേളയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടിക്ക് മികച്ച പ്രൊഡക്ഷൻ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു.

സെന്ന ഹെഡ്‌ഗെ സംവിധാനം ചെയ്ത തിങ്കളാഴ്‌ച നിശ്ചയം ആണ് മികച്ച മലയാള ചിത്രം. മാലിക്കിന് വേണ്ടി ശബ്‌ദമിശ്രണം നിര്‍വഹിച്ച വിഷ്‌ണു ഗോവിന്ദ്‌, ശ്രീശങ്കര്‍ എന്നിവര്‍ക്ക് മികച്ച ശബ്‌ദമിശ്രണത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ശ്രീനിവാസന്‍ മികച്ച വിവരണത്തിനുള്ള (റപ്‌സൊടി ഓഫ് റെയിന്‍സ്‌- മണ്‍സൂണ്‍സ് ഓഫ് കേരള) പുരസ്‌കാരം ലഭിച്ചു. അനൂപ് രാമകൃഷ്‌ണന്‍ എഴുതിയ 'എംടി: അനുഭവങ്ങളുടെ പുസ്‌തകം' എന്ന സിനിമ ഗ്രന്ഥത്തിന് മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. 2021 ഡിസംബര്‍ ഏഴിന് അനൂപ്‌ രാമകൃഷ്‌ണന്‍ അന്തരിച്ചിരുന്നു.

Also Read:മലയാളികള്‍ തിളങ്ങിയ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: പൂര്‍ണ പട്ടിക പുറത്ത്

ABOUT THE AUTHOR

...view details