മലയാള സിനിമയുടെ ഹാസ്യ രാജാവ് ഇന്നസെന്‍റിനെ അനുശോചിച്ച് മലയാള സിനിമ ലോകം. അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. അദ്ദേഹം യാത്രയായെന്ന് ഇനിയും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കും കേരളക്കരയ്‌ക്കും വിശ്വസിക്കാനായിട്ടില്ല. ദിലീപ്, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, മേജര്‍ രവി തുടങ്ങിയവര്‍ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
ജീവിതത്തിലെ പ്രതിസന്ധികളിൽ ഇന്നസെന്നിന്‍റെ ആശ്വാസ വാക്കുകൾ തനിക്ക് കരുത്തായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. സ്ക്രീനിൽ ജീവിതത്തിലും നല്‍കിയ ചിരികള്‍ക്ക് നന്ദിയെന്നാണ് മഞ്ജു കുറിച്ചത്. സിനിമ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിന്‍റെ അവസാനമായെന്ന് പൃഥ്വിരാജും കുറിച്ചു. വേദനിക്കുന്ന മനസോടെയാണ് ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിച്ച് മേജര്‍ രവി രംഗത്തെത്തിയത്.
'വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്‌ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്‍റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെ പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു...
കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്‌ദമായിരുന്നു, പിന്നീട് സിനിമയില്‍ എത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്‍റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്‍റെ ആശ്വാസ വാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്‌ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്‍റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും.......' -ദിലീപ് കുറിച്ചു.
'നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്... സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും...' -ഇപ്രകാരമാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
ഇന്നസെന്നിന്‍റെ നിര്യാണത്തില്‍ നടന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ ദു:ഖം രേഖപ്പെടുത്തി. 'ഇന്നസെന്‍റിന്‍റെ വിയോഗം സിനിമ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിന്‍റെ അവസാനമാണ്. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു.' -പൃഥ്വിരാജ് കുറിച്ചു.
'ആദരാഞ്ജലികൾ! എൻ്റെ ഒരേ ഒരു സിനിമയിൽ അഭിനയിച്ച്, അതും എൻ്റെ റിയൽ ലൈഫിൽ അച്ഛനായി എൻ്റെ സ്വന്തം കഥയായ മിഷൻ 90 ഡെയ്‌സിൽ മമ്മൂക്കയുടെ അച്ഛനായി അഭിനയിച്ച ശേഷം എന്നെ എവിടെ വച്ച് കണ്ടു കഴിഞ്ഞാലും "എടോ മേജറെ, ഞാൻ നിങ്ങടെ അച്ഛനായിട്ട് അഭിനയിച്ചിട്ട് ഉള്ളതാണ്." എന്ന് പറയുന്ന ആ ശബ്‌ദം ഇനി കേൾക്കാൻ പറ്റില്ല. വളരെയധികം സങ്കടത്തോടുകൂടി ആത്മാവിനെന്നും നിത്യശാന്തിനേരുന്നു. ഈ നിറചിരിയോട് കൂടി ഉള്ള മുഖം എന്നും മലയാളി മനസിൽ ഉണ്ടാകും. വേദനിക്കുന്ന മനസോടെ ഇന്നുവേട്ടാ......... വിട' -മേജര്‍ രവി കുറിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്‍റ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതാവുകയും ഹൃദയാഘാതവുമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
മന്ത്രി പി.രാജീവാണ് നടന്‍റെ മരണ വിവരം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോക്‌ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. നാളെയാകും സംസ്‌കാരം.
ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്‌ക്കും. മൂന്ന് മണിക്ക ശേഷം വീട്ടിലേയ്‌ക്ക് കൊണ്ടു പോകാനാണ് തീരുമാനമെന്നും മന്തി അറിയിച്ചു.
Also Read:നടൻ ഇന്നസെന്‍റ് അന്തരിച്ചു; നർമത്തിന്‍റെ താര രാജാവിന് വിട