ബാഹുബലി സീരിസിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന് വിജയ ചിത്രങ്ങള്‍ ലഭിക്കാത്തതിന്‍റെ നിരാശയിലാണ് ആരാധകര്‍. ബാഹുബലിക്ക് ശേഷം ഇറങ്ങിയ സാഹോ, രാധേ ശ്യാം എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വലിയ പരാജയമായി. കോടിക്കണക്കിന് രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച രണ്ട് സിനിമകളും നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്‌ടമാണ് ഉണ്ടാക്കിയത്.
രാധേ ശ്യാമിന് പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് അടുത്തിടെ ഒരു പ്രഭാസ് ആരാധകന്‍ ആത്‌മഹത്യ ചെയ്‌തിരുന്നു. കൂടാതെ പ്രഭാസിന്‍റെ സലാര്‍ എന്ന ചിത്രത്തിന്‍റെ അപ്ഡേറ്റ് ഉടന്‍ പുറത്തുവിട്ടില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് അടുത്തിടെ മറ്റൊരു ആരാധകന്‍ ഭീഷണി മുഴക്കുകയും ചെയ്‌തു.
ഞങ്ങള്‍ ആരാധകര്‍ കടുത്ത നിരാശയിലാണെന്നും ഇനി വരാന്‍ പോകുന്ന പ്രഭാസ് സിനിമകളും ഇത്തരത്തില്‍ പരാജയപ്പെടുമെന്ന പേടി തങ്ങള്‍ക്കുണ്ടെന്നും ആരാധകന്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. സലാറിന് പുറമെ പ്രഭാസിന്‍റെ പുതിയ ചിത്രമായ പ്രോജക്‌ട് കെയുടെ വിശേഷങ്ങള്‍ അറിയാനും തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് പ്രഭാസിന്‍റെ സലാര്‍ സംവിധാനം ചെയ്യുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നാഗ് അശ്വിന്‍ പ്രോജക്‌ട് കെ ഒരുക്കുന്നു. കാത്തിരിപ്പിനൊടുവില്‍ പ്രഭാസ് ആരാധകരെ സന്തോഷത്തിലാഴ്ത്തി പ്രോജക്‌ട് കെ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.
ട്വിറ്ററിലൂടെ പ്രഭാസ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ തിരക്കിയ ഒരു ആരാധകനാണ് സംവിധായകന്‍ നാഗ് അശ്വിന്‍ മറുപടി നല്‍കിയത്. 'പ്രഭാസിന്‍റെ ഇന്‍ട്രോ സീന്‍ ഉള്‍പ്പെടുന്ന ഒരു ഷെഡ്യൂള്‍ അടുത്തിടെ ഞങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന്' നാഗ് അശ്വിന്‍ പറയുന്നു. 'അദ്ദേഹത്തെ അതില്‍ വളരെ കൂളായാണ് കാണപ്പെട്ടത്. പ്രോജക്‌ട് കെയുടെ അടുത്ത ഷെഡ്യൂള്‍ അടുത്ത മാസം ആരംഭിക്കും.
ഷൂട്ടിംഗ് ഞങ്ങള്‍ വീണ്ടും ജൂണില്‍ തുടങ്ങും. ഞങ്ങളുടെ സിനിമ കുറച്ച് വൈകി റിലീസ് ചെയ്യുന്നതിനാല്‍ പതിവ് അപ്ഡേറ്റുകള്‍ക്ക് കൂടുതല്‍ സമയമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാലും നിങ്ങള്‍ വിഷമിക്കേണ്ട. ഞങ്ങള്‍ ഈ പ്രോജക്‌ടിനായി വളരെയധികം പരിശ്രമിക്കുന്നുണ്ട്, നാഗ് അശ്വിന്‍ ആരാധകന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.
ദീപിക പദുകോണാണ് നാഗ് അശ്വിന്‍ ചിത്രത്തില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം നടി ദിഷ പഠാനിയും പ്രോജക്‌ട് കെയില്‍ എത്തും. മഹാനടി നിര്‍മിച്ച വൈജയന്തി ഫിലിംസാണ് സിനിമയുടെ നിര്‍മാണം. മിക്കി ജെ മെയര്‍ പ്രഭാസ് ചിത്രത്തിന് സംഗീതമൊരുക്കുന്നു.