ജയ്‌സാൽമീർ:മോഹൻലാൽ ആരാധകർ ആകാംഷയോടെ റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടെ വാലിബൻ’. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ഏറെ ഭാഗവും രാജസ്ഥാനിലെ ജയ്‌സാൽമീറിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ജയ്‌സാൽമീർ ഷെഡ്യൂൾ പൂർത്തിയാക്കി തിരിച്ചുവരാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ ജായ്‌സാൽമീറിൽ 77 ദിവസമാണ് മലൈക്കോട്ടെ വാലിബന്‍ ചിത്രീകരിക്കാനായി സിനിമ സംഘം തമ്പടിച്ചത്. ഇനി ചെന്നൈയിലാണ് ചിത്രത്തിന്‍റെ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.
സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തീകരിച്ചു: രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ സഹപ്രവർത്തകർക്ക് നന്ദി പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. രാജസ്ഥാൻ ഷെഡ്യുളിൽ തനിക്കും ടീമംഗങ്ങൾക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ പ്രസംഗം തുടങ്ങുന്നത്. ‘മലൈക്കോട്ടെ വാലിബൻ എന്ന സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ വലിയ തരത്തിലുള്ള സീക്വൻസുകളുള്ള, പെട്ടെന്ന് ഷൂട്ട് ചെയ്‌തെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു സിനിമയായിരുന്നു.
പ്രത്യേകിച്ച് രാജസ്ഥാൻ പോലൊരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്‌ത് എടുക്കുക എന്നുള്ളത്, അത് വിജയകരമായി പൂർത്തിയാക്കിയതായി ഞാൻ അറിയിക്കുന്നു. എല്ലാവർക്കും നന്ദി, സിനിമയുടെ ഓരോ ഡിപ്പാർട്ടുമെൻ്റുകളെയും ഞാൻ എടുത്തു പറയുന്നില്ല എല്ലാ ഡിപ്പാർട്ടുമെൻ്റുകളും. ഷൂട്ടിങ്ങിനിടയിൽ വന്ന പ്രശ്‌നങ്ങളെല്ലാം തരണം ചെയ്‌ത് ഷെഡ്യൂൾ തീർന്നു എന്നതിൽ നമുക്ക് ഏവർക്കും സന്തോഷം ഉണ്ട്’. തുടർന്ന് ഹിന്ദിയിൽ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ജോലി ചെയ്‌ത രാജസ്ഥാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവരോടായി ലിജോ ജോസ് പെല്ലിശ്ശേരി നന്ദി അറിയിക്കുകയുണ്ടായി.