ഹൈദരാബാദ്: വിജയ് നായകനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ പ്രഖ്യാപന വേള മുതല്‍ക്ക് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് (Leo Movie Controversy Dancers Were Not Paid). ഒക്‌ടോബര്‍ 19ന് റിലീസിന് ഒരുങ്ങവേ സിനിമ വീണ്ടും വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ്. 'നാ റെഡി' എന്ന ഗാനരംഗത്തിൽ ഭാഗമായ 1300 നർത്തകർക്ക് ശമ്പളം നൽകാത്തതിനെച്ചൊല്ലിയാണ് പുതിയ വിവാദം.
ചിത്രത്തിലെ ആദ്യ സിംഗിൾ ആയി പുറത്തിറങ്ങിയ പാട്ട് പോസിറ്റീവ് റിവ്യൂസ് നേടുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ തരംഗം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചിത്രീകരണം കഴിഞ്ഞ് നാല് മാസമായിട്ടും തങ്ങളുടെ കഠിനാധ്വാനത്തിനുള്ള ശമ്പളം ലഭിച്ചിട്ടില്ലെന്ന് വിജയ്‌ക്കൊപ്പം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച നർത്തകർ ആരോപിച്ചു.
വൈറലായ വീഡിയോയിൽ 1300 നർത്തകരിൽ ഒരാളായ റിയാസ് അഹമ്മദ് അവരുടെ കുടിശ്ശിക അടയ്ക്കാനായി അപേക്ഷിക്കുന്നത് കാണാം. പാട്ടിലെ പങ്കാളിത്തത്തിന്‍റെ തെളിവായി അദ്ദേഹം തന്‍റെ ഐഡന്‍റിറ്റി കാർഡ് പ്രദർശിപ്പിക്കുകയും ഈ സാഹചര്യത്തിലുള്ള തന്‍റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു. ചിത്രത്തിന്‍റെ ടീമിനെ സമീപിച്ചെങ്കിലും അവ്യക്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും കൃത്യമായ പരിഹാരമില്ലെന്നും അവർ അവകാശപ്പെടുന്നു.
പാട്ടിന്‍റെ വിജയത്തിൽ അവിഭാജ്യ പങ്ക് വഹിച്ച ഈ നർത്തകർക്ക് പ്രതിഫലം നൽകുന്നതിൽ കാലതാമസം വരുത്തിയത് ആശങ്കാഭരിതമാണ്. 300 കോടി രൂപ ബജറ്റിൽ നിർമിച്ച ലിയോ ബോക്‌സോഫിസിൽ 1000 കോടി കടക്കുമെന്നാണ് ആരാധക പ്രതീക്ഷ. നർത്തകരുടെ സാമ്പത്തിക പ്രതിസന്ധിയെ ഇത്രയധികം വലിയ സിനിമ എങ്ങനെ അവഗണിക്കും എന്ന ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.