ചെന്നൈ:കോളിവുഡിൽ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസാണ് ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ‘ലിയോ’. ലോകേഷ് കനകരാജിൻ്റെ ലോക്കി സിനിമാറ്റിക്ക് യൂണിവേഴ്‌സിൽ ‘ലിയോ’ യും ഭാഗമായിരിക്കും എന്ന സംവിധായകൻ്റെ വെളിപ്പെടുത്തലിന് ശേഷം ഏറെ പ്രതീക്ഷയിലാണ് വിജയ് ആരാധകർ.
ഇതിനു മുൻപ് ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച സിനിമയാണ് ‘മാസ്റ്റർ’ പ്രതിനായക സ്ഥാനത്ത് വിജയ് സേതുപതി വേഷമിട്ട സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്നും, ബോളിവുഡിൽ നിന്നും വരെ വൻ കാസ്റ്റിങ്ങാണ് ലോകേഷ് നടത്തിയിരിക്കുന്നത്. അങ്ങനെ സിനിമ ലോകത്തും സമൂഹ മാധ്യമങ്ങളിലും ലിയോയെ പറ്റിയുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് ചിത്രത്തെ പറ്റി മറ്റൊരു വാർത്ത പുറത്തു വരുന്നത്.
60 കോടി ഓവർസീസ് റൈറ്റ് നേടി 'ലിയോ':കലക്ഷൻ റെക്കോഡുകൾ തകർക്കുമെന്ന് ഉറപ്പ് തരുന്ന സിനിമ റിലീസ് ആകുന്നതിന് മുൻപേ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഓവർസീസ് റൈറ്റ് (വിദേശ വിതരണാവകാശം) നേടിയെന്ന റെക്കോഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. വിദേശ വിതരണാവകാശം വിറ്റ വകയിൽ ‘ലിയോ’ ഇപ്പോൾ നേടിയിരിക്കുന്നത് 60 കോടി രൂപയാണ്. പ്രമുഖ വിതരണ കമ്പനിയായ ഫാർസ് ഫിലിം ആണ് ലിയോയുടെ വിതരണാവകാശം നേടിയത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശ തുകയാണ് ‘ലിയോ’ നേടിയിരിക്കുന്നത്.