കേരളം

kerala

ETV Bharat / entertainment

Legend Malayalam Actor Madhu Birthday Special: നവതിയുടെ നിറവില്‍ മലയാളത്തിന്‍റെ മഹാനടന്‍ മധു - മധു

Madhu 90th Birthday നായകനായും പ്രതിനായകനായും മലയാളികളെയും മലയാള സിനിമയെയും വിസ്‌മയിപ്പിച്ച നാട്യ വിസ്‌മയത്തിന് ഇന്ന് 90-ാം ജന്മദിനം.

നവതിയുടെ നിറവില്‍ മലയാളത്തിന്‍റെ മഹാ നടന്‍ മധു  നവതിയുടെ നിറവില്‍ മധു  മധു ജന്മദിനം  Legend Malayalam Actor Madhu Birthday Special  Madhu Birthday Special  Madhu Birthday  Madhu  നവതിയുടെ നിറവില്‍ അഭിനയകുലപതി  മധു  Madhu 90th Birthday
Legend Malayalam Actor Madhu Birthday Special

By ETV Bharat Kerala Team

Published : Sep 23, 2023, 12:37 PM IST

നവതിയുടെ നിറവില്‍ അഭിനയകുലപതി: നവതിയുടെ നിറവില്‍ മലയാള സിനിമയുടെ തലത്തൊട്ടപ്പന്‍ മധു. മലയാള സിനിമയുടെ കാരണവര്‍ ഇന്ന് 90-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ പിറന്നാള്‍ ദിനത്തില്‍ സിനിമ സാംസ്‌കാരിക രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമയെ വിസ്‌മയിപ്പിച്ച നാട്യ വിസ്‌മയം: നടന്‍, സംവിധായകന്‍, നിര്‍മാതാവ്, കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍. 60 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയ്‌ക്ക് സംഭാവന ചെയ്‌തത് 400ല്‍ പരം സിനിമകള്‍. നായകനായും പ്രതിനായകനായും മലയാളികളെയും മലയാള സിനിമയേയും വിസ്‌മയിപ്പിച്ച നാട്യ വിസ്‌മയം.

മാധവന്‍ നായരില്‍ നിന്നും മധുവിലേയ്‌ക്ക്: ആദ്യകാല നാമം മാധവന്‍ നായര്‍. മലയാള സിനിമയില്‍ എത്തിയപ്പോള്‍ മധു ആയി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് അദ്ദേഹത്തിന് മധു എന്ന പേര് സമ്മാനിച്ചത്. 1960കളില്‍ തുടങ്ങി, എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ മുന്‍നിര നായക നടനായി ആധിപത്യം ഉറപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം എന്നീ മേഖലകളിലും സാന്നിധ്യം അറിയിച്ചു. കൂടാതെ സ്വന്തമായി ഒരു ഫിലിം സ്‌റ്റുഡിയോയും ഉണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദാനന്തര ബിരുദം വരെ:തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി 1933 സെപ്‌റ്റംബര്‍ 23ന് പഴയ തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് ജനനം. നാല് സഹോദരിമാരാണ് അദ്ദേഹത്തിന്. ഒന്നു മുതൽ മൂന്നാം ക്ലാസ് വരെ പേട്ട മിഡിൽ സ്‌കൂളിലും, നാലാം ക്ലാസില്‍ കുന്നുകുഴി എൽപി സ്‌കൂളിലും, അഞ്ചാം ക്ലാസില്‍ എസംഎംവി സ്‌കൂളിലും, പിന്നീട് സെന്‍റ് ജോസഫ് ഹൈസ്‌കൂളിലും പഠിച്ചു. പിന്നീട് മഹാത്മാഗാന്ധി കോളജിൽ നിന്ന് പ്രീ ഡിഗ്രിയും യൂണിവേഴ്‌സിറ്റി കോളജില്‍ നുന്ന് ഹിന്ദിയില്‍ ബിരുദവും നേടി. ബനാറസ് ഹിന്ദു യൂണിവേഴ്‌സിയില്‍ നിന്നും ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും നേടി.

മാധവന്‍ നായര്‍ എന്ന ഹിന്ദി അധ്യാപകന്‍:വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ നാടക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട്‌ കലാപ്രവർത്തനങ്ങൾ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1957 മുതൽ 1959 വരെ നാഗര്‍കോവിലിലെ എസ്‌ടി ഹിന്ദു കോളജിലും സ്‌കോട്ട് ക്രിസ്‌ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു.

ജോലി രാജിവച്ച് ഡല്‍ഹിയ്‌ക്ക് വണ്ടി കയറിയ മാധവന്‍ നായര്‍:അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോഴും മാധവൻ നായരുടെ മനസിലെ അഭിനയ മോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ പത്രത്തില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം‍ കണ്ട അദ്ദേഹം അധ്യാപക ജോലി രാജിവച്ച് ഡല്‍ഹിയ്‌ക്ക് വണ്ടി കയറി. 1959ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Also Read:M Jayachandran Recalled Memories of S P Balasubrahmanyam എസ്‌പിബിയോട് തോന്നിയ ചെറിയൊരു ഈഗോ, അടുത്തറിഞ്ഞപ്പോൾ കുറ്റബോധം, പ്രിയ ഗായകന്‍റെ ഓർമകളിൽ എം ജയചന്ദ്രന്‍

രാമു കാര്യാട്ടുമായുള്ള അടുപ്പം: നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയായിരുന്നു അദ്ദേഹം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്താണ്‌ അദ്ദേഹം രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു.

നിനമണിഞ്ഞ കാൽപാടുകളിലൂടെ അരങ്ങേറ്റം: രാമു കാര്യാട്ടുമായുള്ള പരിചയം, മധുവിന് മലയാള സിനിമയിലേയ്‌ക്ക് ഒരു ചിത്രം (മൂടുപടം) വാഗ്‌ദാനം ചെയ്‌തു. പഠനം പൂര്‍ത്തിയാക്കി കാര്യാട്ടിന്‍റെ സിനിമയുടെ സ്‌ക്രീൻ ടെസ്‌റ്റിനായി മധു ചെന്നൈയിലേയ്‌ക്ക് വണ്ടികയറി. എന്നാല്‍ അവിടെ എത്തിയ അദ്ദേഹത്തെ തേടിയെത്തിയത് മറ്റൊരു അവസരമായിരുന്നു. ചെന്നൈയില്‍ എത്തിയ അദ്ദേഹത്തിന് 1963ല്‍ എന്‍എന്‍ പിഷാരടിയുടെ 'നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിൽ അവസരം ലഭിച്ചു. ഇത് മധുവിന്‍റെ മലയാള സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റമായി മാറി. മാതൃരാജ്യത്തിന് വേണ്ടി യുദ്ധക്കളത്തിൽ ജീവൻ ത്യജിക്കുന്ന ഇന്ത്യൻ സൈന്യത്തിലെ ധീര സൈനികന്‍ സ്‌റ്റീഫന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അദ്ദേഹത്തെ ആളുകള്‍ തിരിച്ചറിഞ്ഞു. 'നിണമണിഞ്ഞ കാൽപാടുകൾ'ക്കും സ്‌റ്റീഫനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ അവസരം രണ്ടാമത്തെ ചിത്രമായി:മേക്കപ്പ് ടെസ്‌റ്റിനായി ചെന്നൈയില്‍ എത്തിയ രാമു കാര്യാട്ടിന്‍റെ 'മൂടുപടം' മധുവിന്‍റെ രണ്ടാമത്തെ മലയാള ചിത്രമായി മാറി. മൂടുപടത്തില്‍ പ്രേം നസീറിന്‍റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. മൂടുപടം കൂടി കഴിഞ്ഞപ്പോള്‍ പിന്നീടദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളും അദ്ദേഹം അഭിനയിച്ച് പ്രതിഫലിപ്പിച്ചു.

എഴുത്തുക്കാരുടെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കി മാറ്റിയ മധു:പ്രേം നസീർ, സത്യൻ തുടങ്ങി നായക നടന്‍മാര്‍ മലയാള സിനിമയെ അടക്കിവാഴുങ്ങുന്ന സമയത്താണ് മധുവിന്‍റെ മലയാള സിനിമയിലേയ്‌ക്കുള്ള രംഗപ്രവേശം. മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തകഴി, പി കേശവദേവ്, എസ്‌കെ പൊറ്റെക്കാട്, പൊൻകുന്നം വർക്കി, എംടി വാസുദേവൻ നായർ, ചങ്ങമ്പുഴ, ജി വിവേകാനന്ദൻ, എൻഎൻ പിഷാരടി, സി രാധാകൃഷ്‌ണൻ തുടങ്ങിയവരുടെ സൃഷ്‌ടികളിലെ അവിസ്‌മരണീയമായ കഥാപാത്രങ്ങളെ മധു ബിഗ്‌സ്‌ക്രീനില്‍ ജീവസുറ്റതാക്കി മാറ്റിയിരുന്നു.

ആദ്യകാല പ്രധാന സിനിമകള്‍: അദ്ദേഹത്തിന്‍റെ ആദ്യകാല കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു രാമു കാര്യാട്ടിന്‍റെ 'ചെമ്മീനി'ലേത്. ഈ സിനിമയ്‌ക്ക് രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡലും ലഭിച്ചിരുന്നു. 'ഭാര്‍ഗവീ നിലയ'മാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാന ചിത്രം. അടൂർ ഗോപാലകൃഷ്‌ണന്‍റെ 'സ്വയംവരം', പിഎൻ മേനോന്‍റെ 'ഓളവും തീരവും' തുടങ്ങി ചിത്രങ്ങളിലും അദ്ദേഹം മികവുറ്റ വേഷങ്ങള്‍ ചെയ്‌തു.

ആദ്യ സംവിധാന സംരഭത്തിന് പുരസ്‌കാരം: അഭിനയത്തിന് പുറമെ സിനിമ സംവിധാനത്തിലും കഴിവ് തെളിയിച്ച അദ്ദേഹം 1970ല്‍ 'പ്രിയ' എന്ന സിനിമ സംവിധാനം ചെയ്‌തു. ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സർക്കാര്‍ പുരസ്‌കാരം 'പ്രിയ'യ്‌ക്ക് ലഭിച്ചിരുന്നു. 'സിന്ദൂരച്ചെപ്പ്', 'മാന്യ ശ്രീ വിശ്വാമിത്രൻ', 'നീലകണ്ണുകൾ, 'അക്കൽദാമ', 'കാമം ക്രോധം മോഹം', 'തീക്കനൽ', 'ധീരസമീരെ യമുനാതീരെ', 'ആരാധന', 'ഒരു യുഗ സന്ധ്യ' തുടങ്ങി 12 ഓളം ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്‌തു.

സംവിധാനത്തിന് പുറമെ നിര്‍മാണവും:'കൈതപ്പൂ', 'അസ്‌തമയം', 'ശുദ്ധി കലശം', 'പ്രഭാത സന്ധ്യ', 'വൈകി വന്ന വസന്തം', 'അർച്ചന ടീച്ചർ', 'ഗൃഹലക്ഷ്‌മി', 'ഞാൻ ഏകനാണ്', 'രതിലയം', 'മിനി' തുടങ്ങി 15 സിനിമകള്‍ അദ്ദേഹം നിർമിച്ചു. ഇംഗ്ലീഷിൽ 'സൺറൈസ് ഇൻ ദി വെസ്‌റ്റ്' എന്ന സിനിമയും അദ്ദേഹം ഒരുക്കി. സിനിമയുടെ സംവിധാനവും നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു. അമേരിക്കയില്‍ ആയിരുന്നു 'സൺറൈസ് ഇൻ ദി വെസ്‌റ്റ്' പൂര്‍ണമായും ചിത്രീകരിച്ചത്.

മലയാളത്തിന് പുറമെ ബോളിവുഡ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും:മലയാളത്തിന് പുറമെ ബോളിവുഡിലും തെന്നിന്ത്യയിലും അദ്ദേഹം അഭിനയിച്ചു. 1969ൽ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെ അരങ്ങേറ്റ ചിത്രമായ 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ഹിന്ദി സിനിമയിലും മധു പ്രധാന വേഷം ചെയ്‌തു. 'ചകചക്', 'മയ്യ' എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ബോളിവുഡ് ചിത്രങ്ങള്‍. തമിഴില്‍ രജനികാന്തിന്‍റെ അച്ഛനായി 'ധര്‍മ ദൊരൈ' എന്ന ചിത്രത്തിലും മികച്ച വേഷം ചെയ്‌തു. കൂടാതെ 'ഒരു പൊണ്ണ് ഒരു പയ്യന്‍', 'ഭാരത വിലാസ്' എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

അരങ്ങേറ്റത്തിന് പിന്നാലെ മധുവിനെ തേടിയെത്തിയ മലയാള സിനിമ: 1963ല്‍ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അദ്ദേഹം അതേവര്‍ഷം 'മൂടുപടം', 'അമ്മയെ കാണാന്‍' എന്നീ സിനിമകളിലും അഭിനയിച്ചു. തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തെ തേടിയെത്തിയത് അഞ്ച് ചിത്രങ്ങള്‍. തച്ചോളി ഒതേനന്‍, കുട്ടി കുപ്പായം, ഭാര്‍ഗവീ നിലയം, മണവാട്ടി, ആദ്യകിരണങ്ങള്‍ എന്നിവയായിരുന്നു 1964ല്‍ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ 1965ല്‍ അദ്ദേഹം അഭിനയച്ച് പ്രതിഫലിച്ചത് 14 വേഷങ്ങളാണ്. സര്‍പ്പക്കാവ്, ജീവിത യാത്ര, പട്ടുതൂവാല, സുബൈദ, കളിയോടം, കല്യാണ ഫോട്ടോ, അമ്മു, മുറപ്പെണ്ണ്, തൊമ്മന്‍റെ മക്കള്‍, മായാവി, കാട്ടുപൂക്കള്‍, ചെമ്മീന്‍, പുത്രി, മുറപ്പെണ്ണ്.

60 -70 കാലഘട്ടത്തിലെ മധുവിന്‍റെ പ്രധാന ചിത്രങ്ങള്‍:കരുണ, നഗരമേ നന്ദി, രമണന്‍, അശ്വമേധം, ലേഡി ഡോക്‌ടര്‍, ഉദ്യോഗസ്ഥ, കറുത്ത രാത്രികള്‍, അവള്‍, കടല്‍, തുലാഭാരം, അധ്യാപിക, വീട്ടു മൃഗം, വിരുന്നുകാരി, വെള്ളിയാഴ്‌ച, നദി, കള്ളിച്ചെല്ലമ്മ, ഓളവും തീരവും, പളുങ്കുപാത്രം, നിലയ്‌ക്കാത്ത ചലനങ്ങള്‍, കൊച്ചനിയത്തി, ഉമ്മാച്ചു, സിന്ദൂരച്ചെപ്പ്, മാപ്പുസാക്ഷി, വിദ്യാര്‍ഥികളെ ഇതിലെ ഇതിലേ, ഇനി ഒരു ജന്മം തരൂ, തീര്‍ഥ യാത്ര, പുള്ളിമാന്‍, സ്വയംവരം, ഉദയം, കാട്, മാധവിക്കുട്ടി, നഖങ്ങള്‍, ഏണിപ്പടികള്‍, യവ്വനം, സമ്മാനം, ഹൃദയം ഒരു ക്ഷേത്രം, യക്ഷഗാനം, അമ്മ, മാനസവീണ, പൂജക്കെടുക്കാത്ത പൂക്കള്‍, അപരാധി, വിടരുന്ന മൊട്ടുകള്‍, ആരാധന, കന്യക, അഗ്‌നി, സ്‌നേഹിക്കാന്‍ സമയമില്ല, ഈ മനോഹര തീരം, റൗഡി രാമു, രണ്ട് പെണ്‍കുട്ടികള്‍, ഹൃദയത്തിന്‍റെ നിറങ്ങള്‍, പതിവ്രത, അഗ്‌നിപര്‍വതം, കതിര്‍മണ്ഡപം, കൃഷ്‌ണപരുന്ത് തുടങ്ങിയവയാണ് 60കളിലും എഴുപതുകളിലും അദ്ദേഹം അനശ്വരമാക്കിയ സിനിമകള്‍.

80-90 കാലയളവിലെ മധുവിന്‍റെ പ്രധാന സിനിമകള്‍:തീക്കടല്‍, കോളിളക്കം, താറാവ്, അറിയാത്ത വീഥികള്‍, പടയോട്ടം, നാണയം, ജനീകയ കോടതി, കഥ ഇതുവരെ, പച്ച വെളിച്ചം, ഗുരുജി ഒരു വാക്ക്, ഒരു യുഗസന്ധ്യ, അപരന്‍, മുദ്ര, ചാണക്യന്‍, സാമ്രാജ്യം, ഏകലവ്യന്‍, മലപ്പുറം ഹാജി മഹാനായ ജോജി, മോക്ഷം, ഗര്‍ഷോം തുടങ്ങിയവയാണ് തൊണ്ണൂറുകളിലെ അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍.

അവാര്‍ഡുകളും ബഹുമതികളും:ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍. 2013ല്‍ രാജ്യം അദ്ദേഹത്തെ പദ്‌മശ്രീ നല്‍കി ആദരിച്ചു. മലയാള സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 2004ല്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് ജെസി ഡാനിയല്‍ പുരസ്‌കാരം നല്‍കിയും ആദരിച്ചു.

1995ല്‍, 43-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ അദ്ദേഹം നിർമിച്ച കുട്ടികളുടെ സിനിമയായ മിനിയ്‌ക്ക് മികച്ച ഫാമിലി വെല്‍ഫെയര്‍ സിനിമയ്‌ക്കുള്ള ഇന്ദിര ഗാന്ധി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1965ല്‍ അദ്ദേഹം അഭിനയിച്ച ചെമ്മീന്‍ സിനിമയ്‌ക്ക് ഓള്‍ ഇന്ത്യ ബെസ്‌റ്റ് ഫീച്ചര്‍ ഫിലിമിനുള്ള രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ ലഭിച്ചു. ഈ ടൈറ്റിലില്‍ വിജയിച്ച മലയാളത്തിലെ ആദ്യത്തെ ചിത്രം കൂടിയാണ് ചെമ്മീന്‍.

  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1995) - മികച്ച കുട്ടികളുടെ ചിത്രം (മിനി - നിര്‍മാണം)
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1992) (ജൂറിയുടെ പ്രത്യേക പരാമര്‍ശം) - കുടുംബസമേതം
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1980) (ജൂറിയുടെ പ്രത്യേക പരാമര്‍ശം) - നിരവധി സിനിമകള്‍
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1971) - മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം (സിന്ദൂരച്ചെപ്പ് - സംവിധാനം മധു)
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1970) - മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം (പ്രിയ - സംവിധാനം മധു)

കേരള ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ അവാര്‍ഡുകള്‍

  • ചലച്ചിത്ര രത്‌നം അവാര്‍ഡ് - 1994
  • മികച്ച നടന്‍ - 1979 (ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച)
  • മികച്ച നടന്‍ - 1977 (യുദ്ധ കാണ്ഡം, ഇതാ ഇവിടെ വരെ)

ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത്

  • ഫിലിംഫെയര്‍ ലൈഫ്‌ടെ അച്ചീവ്‌മെന്‍റ് അവാര്‍ഡ് - 1994
  • മികച്ച നടന്‍ - 1977 (യുദ്ധ കാണ്ഡം)
  • മികച്ച നടന്‍ - 1976 (തീക്കനല്‍)
  • മികച്ച നടന്‍ - 1972 (സ്വയംവരം)

Also Read:Actor Madhu Birthday: 'നിണമണിഞ്ഞ കാൽപ്പാടുകളി'ലൂടെ 'ഇതാ ഇവിടെ വരെ'; മഹാനടന് ഇന്ന് തൊണ്ണൂറാം പിറന്നാൾ

ABOUT THE AUTHOR

...view details