ഐശ്വര്യ രജനികാന്തിന്‍റെ മൂന്നാമത് സംവിധാന സംരംഭം 'ലാൽ സലാം' സിനിമയുടെ ടീസർ പുറത്ത്. വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന, ഉദ്വേഗഭരിതമായ ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ടീസറിൽ രജനികാന്തിന്‍റെ സാന്നിധ്യം ആരാധകരെ ആവേശഭരിതരാക്കുമെന്നതിൽ സംശയമുണ്ടാകില്ല. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ദീപാവലിയോടനുബന്ധിച്ച് 'ലാല്‍ സലാം' ടീസര്‍ ഇന്ന് റിലീസ് ചെയ്യുമെന്ന് നേരത്തെ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമാസ്വാദകരെ ആവേശത്തിലാക്കി ടീസർ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ അഞ്ച് ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ ടീസർ സ്വന്തമാക്കിയത്.
2015ൽ പുറത്തിറങ്ങിയ 'വൈ രാദാ വൈ' എന്ന സിനിമയ്‌ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം. ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയുമായാണ് ഇക്കുറി ഐശ്വര്യ എത്തുന്നത്. വിഷ്‌ണു വിശാലും വിക്രാന്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുമ്പോൾ മൊയ്‌തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കൂടാതെ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
2024ല്‍ പൊങ്കല്‍ റിലീസായാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ ലാൽ സലാം പ്രദർശനത്തിനെത്തുക. തമിഴില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്കരികിൽ എത്തും. റെഡ് ജയന്‍റ് മുവീസാണ് 'ലാല്‍ സലാം' തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കുന്നത് (Red Gaints Movies releasing Lal Salaam).