തിയേറ്ററുകളില്‍ ചിരിമഴ പെയ്യിക്കാൻ സെന്ന ഹെഗ്‌ഡെ (Senna Hegde) വീണ്ടുമെത്തുന്നു. പ്രേക്ഷകർ ഏറ്റെടുത്ത 'തിങ്കളാഴ്‌ച നിശ്ചയം', ഒരു വൈറ്റ് ആള്‍ട്ടോ കാര്‍ തേടിയുള്ള പൊലീസിന്‍റെ യാത്രയുടെ കഥ പറഞ്ഞ '1744 വൈറ്റ് ആള്‍ട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന 'പദ്‌മിനി'യുടെ ട്രെയിലർ പുറത്തിറങ്ങി (Padmini Official Trailer). ഒരു മുഴുനീള എന്‍റര്‍ടെയിനര്‍ ആയിരിക്കും 'പദ്‌മിനി' എന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍.
വിവാഹാലോചനയും പ്രണയവും വിവാഹത്തിനൊരുങ്ങുന്ന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളുമെല്ലാം ട്രെയിലറില്‍ വന്നുപോകുന്നു. 'തിങ്കളാഴ്‌ച നിശ്ചയ'ത്തെക്കാൾ എന്‍റെർടെയിനിങായ സിനിമയായിരിക്കും 'പദ്‌മിനി'യെന്ന് നേരത്തെ സെന്ന ഹെഗ്‌ഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വാക്കുകൾ അക്ഷരംപ്രതി ശരിവയ്‌ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ പ്രാധാന്യമുള്ള സിനിമയാണ് 'പദ്‌മിനി'യെന്ന് ട്രെയിലറിലെ ഓരോ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനാകുന്ന 'പദ്‌മിനി'ക്കായി 'കുഞ്ഞിരാമായണ'ത്തിന് തിരക്കഥയെഴുതിയ ദീപു പ്രദീപാണ് തൂലിക ചലിപ്പിക്കുന്നത്. രമേശന്‍ മാഷെന്ന നാട്ടിന്‍പുറത്തുകാരനെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി (Aparna Balamurali), മഡോണ സെബാസ്റ്റ്യൻ (Madonna Sebastian), വിൻസി അലോഷ്യസ് (Vincy Aloshious) എന്നിവരാണ് 'പദ്‌മിനി'യിലെ നായികമാർ. കൂടാതെ മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.