ഹൈദരാബാദ്:ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ്റെ വരാനിരിക്കുന്ന ഫാമിലി എൻ്റർടെയ്‌നർ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ‘യെൻ്റമ്മ’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതു മുതൽ വൻ ആഘോഷത്തിലാണ് സൽമാൻ ആരാധകർ.
സൽമാനൊപ്പം വെങ്കിടേഷ് ദഗ്ഗുബതിയും, രാം ചരണും:ഗാനത്തിൽ സൽമാനൊപ്പം ചുവടുവക്കുന്ന രണ്ട് സൂപ്പർ താരങ്ങളെ കണ്ടുകൊണ്ടാണ് ആരാധകരുടെ ആഘോഷം. സൽമാനൊപ്പം തെലുങ്ക് സൂപ്പർ താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബതിയും, രാം ചരണും ഒന്നിച്ചപ്പോൾ ആരാധകർക്ക് തങ്ങളുടെ ആവേശം അടക്കാനായില്ല. ഗാനത്തിൻ്റെ തുടക്കത്തിൽ ബുള്ളറ്റിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് കിടക്കുന്ന സൽമാനെയും വെങ്കിടേഷ് ദഗ്ഗുബതിയെയുമാണ് കാണാൻ സാധിക്കുക.
തുടർന്ന് മുണ്ടുടുത്തു കൊണ്ടുള്ള ഇരുവരുടെയും ഡാൻസ് ആരംഭിക്കുകയാണ്. ഷാരൂഖിൻ്റെ ‘ചെന്നൈ എക്‌സ്‌പ്രസ്’ സിനിമയിലെ ലുങ്കി ഡാൻസിനോട് സാമ്യതയുള്ള രംഗങ്ങളാണ് ‘യെൻ്റമ്മ’ യിലും കാണാൻ സാധിക്കുന്നത്. തുടർന്ന് മുന്നോട്ടു പോകുന്ന ഗാനത്തിൻ്റ വീഡിയോയുടെ ഇടക്ക് ഒരു അതിഥി വേഷത്തിലാണ് ‘ആർആർആർ’ സൂപ്പർ താരം രാം ചരണിൻ്റെ രംഗ പ്രവേശം. മുണ്ടുടുത്ത് മുതിർന്ന നടൻമാരുടെ അതേ വേഷത്തിൽ മഞ്ഞ ഷർട്ട് ധരിച്ചാണ് രാം ചരണും എത്തുന്നത്. തുടർന്ന് മൂവരും ഒരുമിച്ച് ഒരു വേദിയിൽ നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്.