എറണാകുളം:സംസ്ഥാനചലച്ചിത്ര അവാർഡ് (Kerala State Film Award 2022) നിർണയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബഞ്ച് തളളിയതിനെതിരെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് (Lijesh Mullezhath) ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. ഹർജി തള്ളിയ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ. നേരത്തെ ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചലച്ചിത്ര അവാർഡ് നിർണയം റദ്ദാക്കണമെന്ന ആവശ്യം സിംഗിൾ ബഞ്ച് തള്ളിയത്.
നേമം പുഷ്‌പരാജ്, ജെൻസി ഗ്രിഗറി എന്നി ജൂറി അംഗങ്ങളുടെ ശബ്‌ദ രേഖകൾ തെളിവായി ഉന്നയിച്ചായിരുന്നു ലിജേഷ് സിംഗിൾ ബഞ്ചിനെ സമീപിച്ചിരുന്നത്. എന്നാൽ ജൂറി അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും ഹർജി തള്ളവെ സിംഗിൾ ബഞ്ച് വ്യക്തമാക്കി.
അതേസമയം 2022 ലെ അവാർഡ് നിർണയം റദ്ദാക്കണമെന്നും 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജേഷ് മുല്ലേഴത്ത് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം. ചലച്ചിത്ര അക്കാദമി (Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Director Ranjith) അവാർഡ് നിർണയത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ലിജേഷ് മുല്ലേഴത്ത് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
സംവിധായകൻ വിനയൻ (Director Vinayan) അടക്കമുള്ളവർ അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെടൽ നടത്തിയതിന് തെളിവുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടെന്നും ജൂറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വിനയന്‍ ആരോപിച്ചിരുന്നു.
വിനയന്‍റെ ആരാപണം:താൻ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് വിനയൻ നേരത്തെ ഉന്നയിച്ചത്. രഞ്ജിത് ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയിലെ ഒരംഗത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആ ഒറ്റ കാരണത്താൽ തന്നെ രഞ്ജിത് അധികാര ദുർവിനിയോഗം നടത്തിയിരിക്കുന്നു എന്നുമായിരുന്നു വിനയന്‍റെ ആരോപണം. സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും വിനയൻ ആവശ്യപ്പെട്ടിരുന്നു.
വിനയൻ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകൻ, ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത് ശ്രമിച്ചു എന്നാണ് വിനയൻ ആരോപണം ഉന്നയിച്ചത്. പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പദവി ദുരുപയോഗം ചെയ്‌ത് അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്ന തന്‍റെ വാക്കുകൾക്ക് അടിവരയിട്ടെന്ന് ചൂണ്ടിക്കാട്ടി നേമം പുഷ്‌പരാജിന്‍റെ വാക്കുകൾ എന്ന നിലയല്‍ ഫേസ്‌ബുക്കില്‍ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
READ MORE:'എന്‍റെ വാക്കുകൾക്ക് അടിവരയിട്ട് ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ്'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിനയൻ