മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ താരം ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. ഒരിടവേളയ്‌ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഒരുക്കുന്ന ഈ ചിത്രം ഷൈൻ ടോമിന്‍റെ നൂറാമത് സിനിമ കൂടിയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് സംഘടിപ്പിച്ചത് (Vivekanandan Viralanu movie's audio launch).
എറണാകുളം ഐഎംഎ ഹൗസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ലാൽ ജോസ്, ജോണി ആന്‍റണി, സിബി മലയിൽ, ആഷിഖ് അബു, അക്കു അക്ബർ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, മഹിമ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു. കമൽ സംവിധാനം ചെയ്യുന്ന 48-ാമത്തെ ചിത്രം കൂടിയാണ് 'വിവേകാനന്ദൻ വൈറലാണ്'. ഗ്രേസ് ആന്‍റണി, സ്വാസിക, ജോണി ആന്‍റണി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. 2024ന്‍റെ തുടക്കത്തിൽ ആദ്യമായി ഓഡിയോ ലോഞ്ച് നടക്കുന്ന ചിത്രം കൂടിയായി 'വിവേകാനന്ദൻ വൈറലാണ്'. തനിക്ക് ഏറ്റവും നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും നൽകിയ സംവിധായകരിൽ ഒരാളാണ് കമൽ എന്ന് കുഞ്ചാക്കോ ബോബൻ വേദിയിൽ പറഞ്ഞു.
'ഷൈൻ ടോം ചാക്കോയെ അസിസ്റ്റന്‍റ് ഡയറക്‌ടർ ആയിരുന്ന കാലം മുതൽ പരിചയമുണ്ട്. കമൽ സാറിന്‍റെ തന്നെ ചിത്രമായ ഗദ്ദാമയിലെ മികച്ച പ്രകടനത്തിന് ഷൈനിനെ ഞാൻ നേരിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു'- കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടി മഹിമ നമ്പ്യാരാണ് സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയത്.
അതേസമയം കമൽ സാറിന്‍റെ സംവിധാനത്തിൽ അഭിനയിക്കണം എന്നുള്ളത് തന്‍റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്ന് ഗ്രേസ് ആന്‍റണി പറഞ്ഞു. ലാൽ ജോസ് ജഡ്‌ജ് ആയിരുന്ന ഒരു റിയാലിറ്റി ഷോയിൽ കമൽ സംവിധാനം ചെയ്‌ത 'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ മീര ജാസ്‌മിന്‍റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ സാധിച്ചിരുന്നു എന്ന് നടി സ്വാസികയും വേദിയിൽ പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ കമൽ സാർ തന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും അതിപ്പോൾ സംഭവിച്ചിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.