കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'രജനി' നാളെ (ഡിസംബര്‍ 8) തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ രജനിയുടെ പ്രീ- റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Rajni Movie Pre-release Teaser). സിനിമയുടെ റിലീസിനായി ആകാക്ഷപൂർവം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ് ടീസർ.
നവാഗതനായ വിനില്‍ സ്‌കറിയ വർഗീസാണ് 'രജനി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിൽ മലയാളത്തിലും തമിഴിലും ദ്വിഭാഷ സിനിമയായാണ് 'രജനി' ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.
പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് 'രജനി'. നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സൈജു കുറുപ്പ്, ലക്ഷ്‌മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്‍റ് വടക്കന്‍, രമേശ്, രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
വിന്‍സെന്‍റ് വടക്കന്‍ ആണ് ചിത്രത്തിന്‍റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. തമിഴ് സംഭാഷണം എഴുതിയിരിക്കുന്നത് ഡേവിഡ് കെ രാജൻ ആണ്. ആര്‍ ആര്‍ വിഷ്‌ണുവാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റര്‍.