ഹൈദരാബാദ്: 'കബാലി' സിനിമയുടെ തെലുഗു നിർമാതാവിനെ ലഹരി കേസില്‍ അറസ്റ്റ് ചെയ്‌ത് പൊലീസ്. നിർമാതാവ് കൃഷ്‌ണ പ്രസാദ് ചൗധരിയെയാണ് മയക്കുമരുന്ന് വിൽപന കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് ചെയ്‌തതായി സൈബരാബാദ് പൊലീസ് അറിയിച്ചു.
കൊക്കെയ്ൻ വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നാണ് സൂചന. കൃഷ്‌ണ പ്രസാദ് ചൗധരിയിൽ നിന്ന് 82.75 ഗ്രാം കൊക്കെയ്ൻ, ഒരു കാർ, 2.05 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായാണ് വിവരം.
ഖമ്മം ജില്ലയിലെ ബോണക്കൽ സ്വദേശിയാണ് കൃഷ്‌ണ പ്രസാദ് ചൗധരി. ബി.ടെക് പഠിച്ച ഇയാൾ പല മേഖലകളിലും ജോലി ചെയ്‌തിരുന്നു. 2016 ലാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. രജനികാന്ത് നായകനായ ‘കബാലി’ എന്ന ചിത്രത്തിന്‍റെ തെലുഗു പതിപ്പിന്‍റെ നിർമാതാവായിരുന്ന കൃഷ്‌ണ പ്രസാദ് ചൗധരി നിരവധി തെലുഗു, തമിഴ് സിനിമകളുടെ വിതരണക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. സർദാർ ഗബ്ബർസിങ്, സീതമ്മ വക്കിട്ടോ സിരിമല്ലേച്ചെട്ട്, അർജുൻ സുരവാരം തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരനായാണ് ഇയാൾ പ്രവർത്തിച്ചത്.
അതേസമയം സിനിമയിൽ പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കാത്തതിനെ തുടർന്നാണ് കൃഷ്‌ണ പ്രസാദ് ചൗധരി മയക്കുമരുന്ന് വിതരണത്തിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. ഗോവയിൽ ഒഎച്ച്എം പബ് ഉള്ള ഇയാൾ ഹൈദരാബാദിൽ നിന്ന് ഗോവയിലേക്ക് വരുന്ന സുഹൃത്തുക്കൾക്കും സെലിബ്രിറ്റികൾക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു.
ബിസിനസില്‍ നഷ്‌ടം നേരിട്ടതോടെ ഈ വർഷം ഏപ്രിലിൽ ഇയാൾ ഹൈദരാബാദിൽ തിരിച്ചെത്തി. എന്നാല്‍ ഗോവയിൽ നിന്ന് വരുന്നതിന് മുമ്പ് നൈജീരിയ സ്വദേശി പെറ്റിറ്റ് യെസുബാർ എന്ന ആളില്‍ നിന്നും 100 പാക്കറ്റ് കൊക്കെയ്‌നും കൃഷ്‌ണ പ്രസാദ് ചൗധരി കൊണ്ടുവന്നു. അവയിൽ ചിലത് ഉപയോഗിച്ച ഇയാൾ ബാക്കിയുള്ളവ കിസ്‌മത്പൂർ ക്രോസ് റോഡിൽ വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.
സിനിമ അസിസ്റ്റന്‍റ് കാമറാമാന്‍ കഞ്ചാവുമായി പിടിയില്‍: കഞ്ചാവുമായി മലയാള സിനിമ അസിസ്റ്റന്‍റ് കാമറാമാന്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. മുണ്ടക്കയം പുത്തന്‍ വീട്ടില്‍ സുഹൈല്‍ സുലൈമാനെ (28) യാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 225 ഗ്രാം കഞ്ചാവും ഇത് തൂക്കി നോക്കുന്നതിനായി ഉപയോഗിച്ചരുന്ന ഇലക്‌ട്രോണിക് ത്രാസും ഇയാളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മെയ് 9 ന് വൈകിട്ടോടെയാണ് ഇയാളെ എക്‌സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നും 50 ഗ്രാം വീതമുള്ള കഞ്ചാവിന്‍റെ പാക്കറ്റുകൾ കണ്ടെത്തിയത്. കിടക്കയ്‌ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
50 ഗ്രാം കഞ്ചാവ് 2000 രൂപയ്‌ക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. കോളജ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. മുണ്ടക്കയം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ കഞ്ചാവ് കൈമാറുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഴ്‌ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. 18 വയസിനും 23 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളെയാണ് ഇയാള്‍ കഞ്ചാവിന് ഇരകളാക്കുന്നത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് സംഘം പറയുന്നത്.
READ MORE:കഞ്ചാവുമായി സിനിമ കാമറാമാന്‍ എക്‌സൈസ് പിടിയില്‍; കണ്ടെടുത്തത് 225 ഗ്രാം കഞ്ചാവും ഇലക്‌ട്രോണിക് ത്രാസും