ഹൈദരാബാദ്:തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് തെലുഗു സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ ഇപ്പോൾ കടന്നു പോകുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബോക്സോഫിസ് വിജയങ്ങളിലൊന്നായി മാറിയ 'ആർആർആറി'ലെ മികച്ച പ്രകടനം നടന് കയ്യടി നേടിക്കൊടുത്തിരുന്നു. ഓസ്‌കർ വേദിയിലും വെന്നിക്കൊടി പാറിച്ച ഈ എസ്എസ് രാജമൗലി ചിത്രത്തിന് പിന്നാലെ തന്‍റെ 30-ാമത്തെ സിനിമയുടെ പ്രഖ്യാപനവുമായാണ് ജൂനിയർ എൻടിആർ ആരാധകർക്ക് പുത്തന്‍ സന്തോഷം നല്‍കിയത്.
'എൻടിആർ 30' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെയാണ് പുറത്തുവന്നത്. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രത്തിൻ്റെ പോസ്‌റ്റർ ജൂനിയർ എൻടിആർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ 'ദേവര'യുടെ പോസ്റ്റ്-പാക്ക്-അപ്പ് ഫോട്ടോഷൂട്ടില്‍ തിളങ്ങുന്ന ജൂനിയർ എൻടിആറിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അന്നപൂർണ സ്റ്റുഡിയോയിൽ പ്രശസ്‌ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അവിനാഷ് ഗോവാരിക്കറാണ് തെലുങ്ക് സൂപ്പർസ്റ്റാറിന്‍റെ മോണോക്രോം ചിത്രങ്ങൾ പകർത്തിയത്. അവിനാഷ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വളരെ അടുത്ത സുഹൃത്തും ജനപ്രിയനുമായ താരക് അഥവാ ജൂനിയർ എൻടിആർ എന്ന് കുറിച്ചുകൊണ്ടാണ് അവിനാഷ് ചിത്രങ്ങൾ പങ്കുവെച്ചത്.
''അവന്റെ ഏറ്റവും നിഷ്‌കളങ്കമായ പുഞ്ചിരിയിൽ നിന്നുള്ള അവന്റെ പൂർണ്ണമായ രൂപത്തിലേക്കുള്ള മാറ്റം ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭിച്ചു''- അവിനാഷ് ഗോവാരിക്കർ കുറിച്ചു. ജൂനിയർ എൻടിആറിന്‍റെ മില്യൺ ഡോളർ പുഞ്ചിരിയും സമാനതകളില്ലാത്ത ഭാവവും ഉൾച്ചേരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജൂനിയർ എൻടിആർ ആരാധകർ ഫോട്ടോകൾ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചുകഴിഞ്ഞു.
കൊരട്ടാല ശിവയാണ് പാൻ ഇന്ത്യൻ ചിത്രമായ 'ദേവര' സംവിധാനം ചെയ്‌തിരിക്കുന്നത്. ബോക്‌സ് ഓഫിസിൽ തരംഗം സൃഷ്‌ടിച്ച 'ജനത ഗാരേജി'ന് ശേഷം കൊരട്ടാല ശിവ ജൂനിയർ എൻടിആറുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദേവര'. അടുത്ത വർഷം (2024) ഏപ്രിൽ 5 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.