ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ജോഷി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'ആന്‍റണി' (Joshiy - Joju George Movie Antony). 'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'ആന്‍റണി'യുടെ ടീസർ നാളെ (ഒക്‌ടോബർ 18) റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത് (Joju George's Antony Movie Teaser Release). നേരത്തെ ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ലിയോ'യ്‌ക്കൊപ്പം ഒക്ടോബർ 19ന് ടീസർ പുറത്തിറങ്ങുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നാളെ വൈകിട്ട് 4.10ന് ടീസർ പുറത്തുവിടുമെന്നാണ് നിർമാതാക്കളുടെ അറിയിപ്പ്.
അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നവംബർ റിലീസായി തിയേറ്ററുകളിലെത്തും (Joju George's Antony will Arrive in November). ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്‍റർടെയ്‌ൻമെന്‍റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗ്രവാൾ, രജത് അഗ്രവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്‌ണ രാജ് രാജൻ എന്നിവരും ചിത്രത്തിന്‍റെ സഹ നിർമാതാക്കളാണ്. ഷിജോ ജോസഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഈ ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.
'സരിഗമ'യാണ് 'ആന്‍റണി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. ജോജു ജോർജിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരും 'ആന്‍റണി'യിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. 'പൊറിഞ്ചു മറിയം ജോസി'ലും ഈ താരനിരയാണ് അണിനിരന്നത് എന്നതും സിനിമാസ്വാദകരുടെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. കല്യാണി പ്രിയദർശനും 'ആന്‍റണി'യിൽ സുപ്രധാന കഥാപാത്രമായി എത്തുന്നു. ജോഷിക്കൊപ്പമുള്ള കല്യാണി പ്രിയദർശന്‍റെ ആദ്യ ചിത്രം കൂടിയാണിത്.