കേരളം

kerala

ETV Bharat / entertainment

'ഭരതന്‍റെ ഹൃദയത്തിലുള്ളത് അവരിലേക്ക് റേഡിയേറ്റ് ചെയ്‌തിറങ്ങി പുനര്‍ജനിക്കും' ; ജോണ്‍ പോള്‍ അന്ന് പറഞ്ഞത്

മലയാള സിനിമയില്‍ വിസ്‌മയ സൃഷ്‌ടികളൊരുക്കിയ മഹാപ്രതിഭ ഭരതന്‍റെ ഓർമകൾക്ക് ഇന്ന് 25 വയസ്

Bharatan  Indian film maker bharathan  ഭരതന്‍റെ ഓർമകൾക്ക് ഇന്ന് 25 വയസ്  director Bharathan  proprietor John Paul  John Paul about director Bharathan  John Paul about legendary director Bharathan  legendary director Bharathan  ഭരതന്‍റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്  Malayalam cinema  cinema news  life of director Bharathan  സംവിധായകൻ ഭരതൻ  ഭരതന്‍റെ ഓർമകൾ
proprietor John Paul about legendary director Bharathan

By

Published : Jul 30, 2023, 6:45 PM IST

Updated : Jul 30, 2023, 7:06 PM IST

ദൃശ്യകലയില്‍, അതിന്‍റെ നിറക്കൂട്ടില്‍, പ്രമേയത്തിന്‍റെ മൂര്‍ത്തതയില്‍, സംഗീത വിന്യാസത്തില്‍ എല്ലാമുള്ള ചാതുര്യവും ശില്‍പ്പഭദ്രതയുമാണ് ഭരതന്‍ ടച്ച്. മധ്യവര്‍ത്തി സിനിമയുടെ ഉജ്വല സാക്ഷാത്കാരത്തിലൂടെ 'ഭരതന്‍ സ്‌കൂള്‍' എന്നത് വേറിട്ട ധാരയായി മലയാള സിനിമാചരിത്രത്തില്‍ എന്നന്നേക്കുമായി അടയാളപ്പെടുത്തപ്പെട്ടു. നിറസങ്കലനങ്ങളിലൂടെ ദൃശ്യപ്രധാനമാണ് സിനിമയെന്നത് അയാള്‍ ഓരോ ഫ്രെയിമിലും അരക്കിട്ടുറപ്പിച്ചു.

താരങ്ങളില്ല, കഥയുടെ വേരുറപ്പിലാണ് സിനിമയുടെ നങ്കൂരമെന്നത് ഓരോ ചിത്രങ്ങളിലൂടെയും അടിവരയിട്ട ചലച്ചിത്രകാരന്‍ കൂടിയാണദ്ദേഹം. പ്രതാപ് പോത്തന്‍, നെടുമുടി വേണു, ബാബു ആന്‍റണി, മനോജ് കെ ജയന്‍, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവരെ നിര്‍ണായക വേഷങ്ങളിലെത്തിച്ചുള്ള പരീക്ഷണങ്ങളത്രയും അത്രകണ്ട് അനുയോജ്യവും. മലയാളിയുടെ സദാചാരമുഖത്ത് പലകുറി പ്രഹരിച്ച് ലൈംഗികതയുടെ സാധ്യതകളെ ഇത്രമേല്‍ അനുപമമായി ചലച്ചിത്രങ്ങളില്‍ വരച്ചിട്ട വേറാരുണ്ട്. രതിനിര്‍വേദം, ചാകര തുടങ്ങിയവ അതിനൊത്തെ ദൃഷ്‌ടാന്തങ്ങള്‍.

പ്രണയത്തിന്‍റെ പല തലങ്ങള്‍ ദൃശ്യാടരുകളുടെ ആരുറപ്പില്‍ അഭ്രപാളികളില്‍ അദ്ദേഹത്തിലൂടെ അനശ്വരമാക്കപ്പെട്ടു. ചാമരം, പ്രണയ വികാരത്തിന്‍റെ അപൂര്‍വതലങ്ങളിലേക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ചു. താരും തളിരും, താരം വാല്‍ക്കണ്ണാടി നോക്കി തുടങ്ങിയ പാട്ടുകളെഴുതിയും കാതോട് കാതോരമുള്‍പ്പടെ ചിട്ടപ്പെടുത്തിയും സംഗീത സംവിധാനത്തിലും ഭരതന്‍ ടച്ചുണ്ട്.

സംഗീതവും നിറങ്ങളും ഘോഷിച്ച ജീവിതമായിരുന്നു ഭരതന്‍റേതെന്നാണ് ജോണ്‍ പോള്‍ ഒരിക്കല്‍ അനുസ്‌മരിച്ചത്. ആ കൂട്ടുകെട്ടില്‍, ചാമരം, മര്‍മരം, ഓര്‍മയ്ക്കായി, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഒരു സായന്തനത്തിന്‍റെ സ്വപ്‌നം, മാളൂട്ടി, ചമയം, മഞ്ജീരധ്വനി, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജോണ്‍ പോളും ഇപ്പോഴില്ലെങ്കിലും അദ്ദേഹം ഭരതനെക്കുറിച്ച് പറഞ്ഞുവച്ച സത്യപ്രസ്‌താവന ഇന്നും തിളക്കുമുറ്റി ഈ വിഹായസിലുണ്ട്.

'തിരക്കഥ നോക്കിയിട്ടല്ല ഭരതന്‍ പലപ്പോഴും ഷോട്ട് ഡിവൈഡ് ചെയ്യുന്നത്. തിരക്കഥ എഴുതിക്കിട്ടേണ്ടത് മനസിലാണെന്ന് പറയും. കടലാസില്‍ എഴുതുന്നത് അസിസ്റ്റന്‍റ് ഡയറക്‌ടര്‍മാരെയും മറ്റും ഓര്‍മിപ്പിക്കാനുള്ള കുറിപ്പ് മാത്രമാണ്. ലൊക്കേഷനില്‍ വന്നിറങ്ങുമ്പോള്‍ ആദ്യ ഷോട്ട് പുള്ളി പറയുന്നത് സീന്‍ വായിച്ചട്ടല്ല. ഒരു സീന്‍ പുള്ളിയുടെ മനസില്‍ എഡിറ്റഡ് ഫോര്‍മാറ്റിലുണ്ടാവും. അതില്‍ നിന്നാണ് ഷോട്ടുകള്‍ പറയുന്നത്.

ആര്‍ട്ടിസ്റ്റുകളെ ഇവോക്ക് ചെയ്‌തെടുക്കുന്നതിലും അത് കാണാം. എത്ര റിജിഡ് ആയി പെര്‍ഫോം ചെയ്യുന്ന ആര്‍ട്ടിസ്റ്റായാലും അവരെ വളരെ കംഫര്‍ട്ടബിളാക്കി മനസിലെ ടെന്‍ഷന്‍ എടുത്തുകളഞ്ഞ്, നീ ടെന്‍ഷനടിക്കണ്ട, അതുമുഴുവന്‍ ഞാനെടുത്തുകൊള്ളാം എന്നുപറഞ്ഞ് ചെയ്യിക്കും. ഒരു കളിമണ്ണ് കയ്യില്‍ കിട്ടിയാല്‍ ശില്‍പ്പി എങ്ങനെ മോള്‍ഡ് ചെയ്തെടുക്കുമോ അതേ രീതിയാണ് ഭരതന്‍റേത്.

തന്നെയൊരു നടനാക്കി ഭരതന്‍ മാറ്റുമെന്ന കാര്യത്തില്‍ പ്രതാപ് പോത്തന് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ ആദ്യ മൂന്ന് ഷോട്ട് കഴിഞ്ഞപ്പോള്‍ പ്രതാപ് പോത്തന് തോന്നി, താന്‍ കഴിഞ്ഞ ജന്മം മുതലേ ഒരു നടനായിരുന്നല്ലോയെന്ന്. തനിക്ക് ആവശ്യമുള്ളത് മാത്രം ആ അളവില്‍ പകുത്ത് മാറ്റിയെടുക്കുന്ന സവിശേഷ സിദ്ധി ഭരതനുണ്ടായിരുന്നു. എത്ര കൊലകൊമ്പനായാലും ഒരു മാന്ത്രികന്‍റെ കയ്യില്‍ ചെന്നുപെടുന്ന പ്രാവിനെ പോലെ ഏത് ആര്‍ട്ടിസ്റ്റിനെയും അദ്ദേഹം കൈകാര്യം ചെയ്യും. ഭരത് ഗോപിയെയൊക്കെ അദ്ദേഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ നൃത്തം ചെയ്യിക്കുന്ന തരത്തില്‍, അങ്ങനെ ചുവടുവയ്ക്കാനുള്ള വിശ്വാസം ആര്‍ട്ടിസ്റ്റില്‍ ജനിപ്പിക്കാന്‍ ഭരതന് കഴിയുമായിരുന്നു.

എല്ലാ അര്‍ഥത്തിലും സംഗീതവും നിറങ്ങളും ഘോഷിച്ച ജീവിതമായിരുന്നു ഭരതന്‍റേത്. അങ്ങനെയൊരാളെ അതിന് മുന്‍പും ശേഷവും ചൂണ്ടിക്കാട്ടാനില്ല. റീപ്ലേസബിളല്ല ആ വിടവ്. തുടക്കം മുതല്‍ ദേവരാജന്‍ മാസ്റ്റര്‍, എംബി ശ്രീനിവാസന്‍ എന്നിവരെ ഫലപ്രദമായി അദ്ദേഹം ഉപയോഗിച്ചു. ജോണ്‍സണെയും ഔസേപ്പച്ചനെയുമൊക്കെ മലയാള സിനിമയ്ക്ക് കണ്ടെത്തിത്തരുന്നതില്‍ ഭരതന്‍റെ വലിയ കോണ്‍ട്രിബ്യൂഷന്‍സുമുണ്ട്. ഇളയരാജ, ബോംബെ രവി, എംജി രാധാകൃഷ്‌ണന്‍ എന്നിവരൊക്കെ ഭരതനുവേണ്ടി പാട്ടുകള്‍ ചെയ്‌തിട്ടുണ്ട്. പക്ഷേ ചിട്ടപ്പെടുത്തിയ പാട്ടില്‍ ഭരതന്‍റെ ഹൃദയരാഗമുണ്ടായിരുന്നുവെന്ന് അവര്‍ക്കൊന്നും ഏറ്റുപറയാതിരിക്കാനാവില്ല.

ഭരതന്‍റെ ഹൃദയത്തിലെ സംഗീതമെന്നത് അവരുടെ ആത്മാവിലേക്ക് റേഡിയേറ്റ് ചെയ്‌ത് ഇറങ്ങി അവരില്‍ നിന്ന് പുനര്‍ജനിച്ച് വരുമായിരുന്നു. അത്തരത്തില്‍ സംഗീത സംവിധായകരെ സ്വാധീനിക്കാനും തന്‍റെ മനസിന്‍റെ താളച്ചിട്ടയിലേക്ക് അവരെ കൊണ്ടുവരാനും അധികം സംവിധായകര്‍ക്ക് സാധിച്ചിട്ടില്ല. അത് അപൂര്‍വമായ സിദ്ധിയാണ്'.

Last Updated : Jul 30, 2023, 7:06 PM IST

ABOUT THE AUTHOR

...view details