ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ വ്യാപക മോഷണം. വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് തന്‍റെ വീട്ടില്‍ നിന്നും മോഷണം പോയതെന്ന് ഐശ്വര്യ തേയ്‌നാംപേട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Jewellery missing from Rajini’s daughter’s house: തന്‍റെ മൂന്ന് വീട്ടു ജോലിക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഐശ്വര്യ പരാതിയിൽ പറയുന്നുണ്ട്. ഡയമണ്ട് സെറ്റുകൾ, വജ്ര കല്ലുകൾ, പഴക്കമുള്ള സ്വർണക്കഷ്‌ണങ്ങൾ, നവരത്നം സെറ്റുകൾ, ഡയമണ്ട് ഗോള്‍ഡ്, 60 പവന്‍ അടങ്ങുന്ന നെക്ലേസ്, വളകള്‍ എന്നിവ അടങ്ങുന്നതാണ് ഐശ്വര്യയുടെ വീട്ടില്‍ നിന്നും കാണാതെ പോയ വിലപിടിപ്പുള്ള വസ്‌തുക്കള്‍.
2019ല്‍ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 10നാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കഴിഞ്ഞതോടെ ലോക്കർ മൂന്നിടത്തേക്ക് മാറ്റിയിരുന്നു. 2021 ഓഗസ്‌റ്റ് വരെ അത് ഐശ്വര്യയുടെ സെന്‍റ് മേരീസ് റോഡ് അപ്പാർട്ട്മെന്‍റിലായിരുന്നു. പിന്നീട് വിവാഹ ശേഷം നടൻ ധനുഷിനൊപ്പം താമസിച്ചിരുന്ന സിഐടി കോളനിയിലെ വസതിയിലേക്ക് മാറ്റി.
എന്നാല്‍ 2021 സെപ്റ്റംബറിൽ 'ലോക്കർ' വീണ്ടും സെന്‍റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്‍റിലേക്ക് മാറ്റിയിരുന്നു. 2022 ഏപ്രിൽ ഒമ്പതിന് അത് രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിയിലേക്ക് കൊണ്ടുപോയി. അതേസമയം ലോക്കറിന്‍റെ താക്കോലുകൾ സെന്‍റ് മേരീസ് റോഡ് അപ്പാർട്ട്‌മെന്‍റിലെ അലമാരയിലാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് ഐശ്വര്യ പറഞ്ഞു.