കോഴിക്കോട്:സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ ചലച്ചിത്ര ക്ലബിന്‍റെ സെമിനാര്‍ ഉദ്ഘാടനത്തിന് വിളിച്ച ശേഷം പരിപാടി ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി എംഎസ്എഫ് രംഗത്ത് (MSF on Jeo Baby - Calicut Farook College Issue). ജിയോ ബേബിയ്‌ക്ക് ആശയങ്ങള്‍ പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പി കെ നവാസിന്‍റെ പ്രതികരണം.
എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് പരിപാടിയിലേക്ക് സംവിധയകനെ ക്ഷണിച്ചത് യൂണിയനല്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ജിയോ ബേബിയെ തടയാനോ തടുക്കാനോ അല്ല വിദ്യാർഥികൾ ശ്രമിച്ചതെന്നും പി കെ നവാസ് കുറിച്ചു.
പി കെ നവാസിന്‍റെ വാക്കുകൾ ഇങ്ങനെ:
"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്". "വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്". "കുടുംബം ഒരു മോശം സ്ഥലമാണ്". "എന്‍റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്" (ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്).
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ :- ക്ഷണിച്ചത് യൂണിയനല്ല.
ഫാറൂഖ് കോളജിന്‍റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി നേരത്തെ രംഗത്തെത്തിയിരുന്നു (Director Jeo Baby Against Calicut Farook College). അഞ്ചാം തീയതി നടക്കേണ്ട ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ജിയോ ബേബി ആരോപിച്ചു.
തന്‍റെ ചില പരാമർശങ്ങൾ കോളജിന്‍റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്‍റ്സ് യൂണിയൻ നിസഹകരണം പ്രഖ്യാപിക്കുകയായിരുന്നു. താൻ അപമാനിതനായെന്നും സംഭവത്തിൽ നിയമ നടപടിയുമായി നീങ്ങാനാണ് തീരുമാനമെന്നും ജിയോ ബേബി വീഡിയോയിൽ പറയുന്നു. ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചില്ലെങ്കിൽ ശരിയാകില്ല എന്നു തോന്നിയതുകൊണ്ടാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ഇത്തരം ഒരു അനുഭവം നാളെ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ഇതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
സോഷ്യല്‍ മീഡിയയിൽ പോസ്റ്റർ വരെ പുറത്തുവിട്ട പരിപാടി പെട്ടെന്ന് മാറ്റി വയ്‌ക്കാനുള്ള കാരണമെന്തെന്ന് അറിയാൻ കോളജ് പ്രിൻസിപ്പലിനെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. പിന്നീട് ഫാറൂഖ് കോളജിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ഒരു കത്ത് തനിക്ക് ലഭിക്കുകയായിരുന്നെന്നും ഫോർവേഡ് ചെയ്‌ത് കിട്ടിയ കത്തിൽ തന്‍റെ ചില പരാമർശങ്ങൾ കോളജിന്‍റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്നാണ് പറയുന്നെതെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
അതേസമയം സംവിധായകൻ ജിയോ ബേബിക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. കോളജ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളജിന് മുന്നിൽ സാംസ്‌കാരിക കൂട്ടായ്‌മ നടക്കും. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.