ലോസ് ആഞ്ചലസ്:ലോക സിനിമ ചരിത്രത്തില്‍ അത്ഭുതം സൃഷ്‌ടിച്ച 'അവതാര്‍' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ നാലും, അഞ്ചും ഭാഗങ്ങളില്‍ നിന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വിട്ട് നില്‍ക്കുമെന്ന വാര്‍ത്തകള്‍ പുറത്ത്. അവതാറില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് ജെയിംസ് കാമറൂണ്‍ തന്നെയാണ് വ്യക്തമാക്കിയത്. എംപയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതിയ ചില പ്രോജക്‌ടുകള്‍ വികസിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. അവയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് അവതാറില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. തനിക്ക് വിശ്വാസമുള്ള ഒരു സംവിധായകനെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.
അവതാറിലൂടെ തനിക്ക് പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. കുടുംബത്തെ കുറിച്ചും, കാലാവസ്ഥയെ കുറിച്ചും, പ്രകൃതി ലോകത്തെ കുറിച്ചും യഥാർത്ഥ ജീവിതത്തിലും സിനിമ ജീവിതത്തിലും തനിക്ക് പറയാനുള്ളത് ഈ ക്യാൻവാസിലൂടെ പറയാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009ലാണ് അവതാര്‍ സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഡിസംബറിലാണ് സിനിമ പ്രേമികളിലേക്ക് എത്തുന്നത്. 'അവതാര്‍-ദ വേ ഓഫ് വാട്ടര്‍' എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. ജേക്കിനെയും നെയിത്രിയേയും കേന്ദ്രീകരിച്ച് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, പോരാട്ടവുമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
ദൃശ്യവിസ്‌മയം സമ്മാനിക്കാന്‍ ഒരുങ്ങുന്ന ചിത്രം ട്വന്‍റിയത് സെഞ്ച്വറി ഫോക്‌സാണ് നിര്‍മിക്കുന്നത്. സയൻസ് ഫിക്ഷൻ സാഹസിക സിനിമയിൽ സാം വർത്തിങ്ടൺ, സോ സൽദാന, സിഗോർണി വീവർ, കേറ്റ് വിൻസ്‌ലെറ്റ്, മിഷേൽ യോ, എഡി ഫാൽക്കോ, സ്റ്റീഫൻ ലാംഗ്, ജിയോവന്നി റിബിസി, ഊന ചാപ്ലിൻ, ജെർമെയ്‌ന്‍ ക്ലെമെന്‍റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.