തെന്നിന്ത്യയാകെ ഇപ്പോൾ സൂപ്പർ സ്റ്റാർ രജനിയുടെ 'ജയിലർ' ചിത്രത്തിന് പിന്നാലെയാണ്. കേരളത്തിലെയടക്കം തിയേറ്ററുകളില്‍ രജനികാന്ത് ചിത്രം സൃഷ്ടിച്ച തരംഗത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇതിനിടെ 'ജയിലർ' പ്രളയത്തില്‍ മുങ്ങിപ്പോവാതെ മികവുകൊണ്ട് മുന്നേറുകയാണ് ഒരു മലയാള ചിത്രം.
ഉർവശി (Urvashi), ഇന്ദ്രൻസ് (Indrans) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ (Ashish Chinnappa) സംവിധാനം ചെയ്ത 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' (Jaladhara Pumpset Since 1962) എന്ന ചിത്രമാണ് ഇത്. പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ചിത്രം ഇപ്പോൾ കൂടുതൽ തിയേറ്ററുകൾ നേടി പ്രേക്ഷകരെ സ്വാഗതം ചെയ്യുകയാണ്. ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തിയ 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെയാണ് കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയത്.
ചിത്രം ഇന്ന് മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് നിർമാതാക്കളും രംഗത്തെത്തിയിരുന്നു. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ (Wonderframes Filmland) ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'.
ആക്ഷേപഹാസ്യമായി അണിയിച്ചൊരുക്കിയ ചിത്രം യഥാർഥ സംഭവത്തെ അധികരിച്ചുള്ള കോർട്ട് റൂം ഡ്രാമയാണ്. സാഗർ, സനുഷ എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, നിഷ സാരംഗ്, അഞ്ജലി സുനിൽ കുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അണിനിരക്കുന്നു.
സനു കെ ചന്ദ്രനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ ആശിഷ് ചിന്നപ്പയും ഒപ്പം പ്രജിൻ എം പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിരുടെ വരികൾക്ക് കൈലാസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയതും കൈലാസ് തന്നെ. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
READ MORE:ഇന്ദ്രന്‍സ്- ഉര്‍വശി ചിത്രം 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'; ചിരിയുണര്‍ത്തി ട്രെയിലർ
കൂടാതെ നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും സ്നീക്ക് പീക്ക് വീഡിയോയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. കാണികളില്‍ ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ എത്തിയത്. ഇന്ദ്രൻസ്, ഉർവശി തകർപ്പൻ കോംബോ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണം അടങ്ങിയതായിരുന്നു 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്നീക്ക് പീക്ക് വീഡിയോ.