കോമഡി റോളുകളില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്കുളള ഇന്ദ്രന്‍സിന്റെ മാറ്റം അതിശയത്തോടെയാണ് പ്രേക്ഷകര്‍ നോക്കികണ്ടത്. ഒരുസമയത്ത് മോളിവുഡില്‍ ചെറിയ റോളുകളില്‍ മാത്രം ഒതുങ്ങിയ നടന് ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ ഇന്ദ്രന്‍സിന്‍റെ കഴിവ് പലരും തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മികച്ച പ്രകടനമുളള നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രന്‍സ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമായി നേടി. അഞ്ചാം പാതിരയിലെ റിപ്പര്‍ രവി, ഹോമിലെ ഒലിവര്‍ ട്വിസ്റ്റ്, മാലിക്കിലെ സിഐ ജോര്‍ജ്ജ് സക്കറിയ ഉള്‍പ്പെടെയുളള കഥാപാത്രങ്ങള്‍ നടന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. വാണിജ്യ സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള ചിത്രങ്ങളിലും ഇന്ദ്രന്‍സ് ഭാഗമാകാറുണ്ട്.
കോമഡി റോളുകള്‍ ഇപ്പോള്‍ വളരെ കുറച്ച് മാത്രമാണ് താരം ചെയ്യുന്നത്. അതേസമയം ഹാസ്യ വേഷങ്ങള്‍ ഇനിയും ചെയ്യുമെന്ന് പറയുകയാണ് നടന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസുതുറന്നത്. 'ഹാസ്യ റോളുകള്‍ ഇനിയും ചെയ്യും. ഷാഫിയുടെ പടമൊക്കെ അങ്ങനെയുളളതാണ്', ഇന്ദ്രന്‍സ് പറയുന്നു.
'അതൊരു വലിയ ഉത്സാഹമുളള കാര്യമാണ്. മിഥുന്‍ മാനുവലിന്‍റെ പുതിയ പടത്തിലും തമാശ വേഷമാണെന്ന്' നടന്‍ പറഞ്ഞു. 'പണ്ട് ചെയ്തിരുന്ന കോമഡികള്‍ ഇപ്പോള്‍ ഏല്‍ക്കണമെങ്കില്‍ അതില്‍ വെളളം ചേര്‍ക്കാതിരുന്നാല്‍ മതി. ചെയ്യുമ്പോള്‍ കളളത്തരമൊന്നും കാണിക്കാതിരുന്നാല്‍ അതിന് ജീവനുണ്ടാകും. അങ്ങനെ ചെയ്യുമ്പോഴാണ് നേരെ എതിരെ നില്‍ക്കുന്നയാളുടെ ചിരിച്ച മുഖം കാണാന്‍ പറ്റൂ, ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന നിരവധി സിനിമകളില്‍ ഇന്ദ്രന്‍സിന്‍റെ സാന്നിദ്ധ്യമുണ്ട്. കോസ്റ്റ്യൂം ഡിസൈനറില്‍ നിന്നും മോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ് നടന്‍റെ കലാജീവിതം. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട് ഇന്ദ്രന്‍സ്. കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഭാഗമായി ഇന്ദ്രന്‍സ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.