വിവാദങ്ങള്‍ വിട്ടൊഴിയാതെ 28-ാമത് രാജ്യാന്തര ചലച്ചിത്ര മേള. 2023 ഡിസംബറില്‍ നടക്കുന്ന ഐഎഫ്‌എഫ്‌കെയില്‍ (IFFK 2023) പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിക്കെതിരെയുള്ള വിവാദങ്ങള്‍ രൂക്ഷമാകുന്നു (IFFK Film Selection Controversy).
മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സംവിധായകന്‍ ഷിജു ബാലഗോപാലന്‍റെ 'എറാന്‍' എന്ന സിനിമ ജൂറി അംഗങ്ങള്‍ കാണാതെ തിരസ്‌കരിച്ചു എന്നായിരുന്നു ചലച്ചിത്ര അക്കാദമിക്കെതിരെയുള്ള ആരോപണം (Shiju Balagopalan against). വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അക്കാദമിയെ വെട്ടിലാക്കുന്ന തെളിവുകള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷിജു ബാലഗോപാലന്‍ (Shiju Balagopalan against Chalachitra Academy).
ഫേസ്‌ബുക്കിലൂടെ നീണ്ട കുറിപ്പുമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. അക്കാദമി സിനിമ ഡൗൺലോഡ് ചെയ്‌തു കണ്ടു എന്ന് പറഞ്ഞത് കള്ളമാണോ, അതോ ഹാക്കിങ് രീതിയിലൂടെയാണോ വിഷ്വൽ ഡൗൺലോഡ് ചെയ്‌തത് എന്ന ചോദ്യം ചലച്ചിത്ര അക്കാദമിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ് ഷിജു. ഡൗൺലോഡ് ചെയ്‌ത ഫയൽ ഉണ്ടെന്ന് ഉറപ്പു പറഞ്ഞ അക്കാദമിയിൽ നേരിട്ട് വന്ന് പരിശോധിക്കാൻ താന്‍ തയ്യാറാണെന്നും എപ്പോഴാണ് വരേണ്ടതെന്ന് അക്കാദമി സമയം തന്നാൽ മതിയെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു (Shiju Balagopalan Facebook post).
Also Read:IFFK Film Selection Controversy: 'അക്കാദമിയുടെ നിയമവിരുദ്ധ നടപടി അക്കാദമി തന്നെ പറഞ്ഞു'; ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ ഷിജുവിനെ പിന്തുണച്ച് ഡോ ബിജു
'പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായി എന്‍റെ ചില സംശയങ്ങളും ചോദ്യങ്ങളും അക്കാദമിയോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ടോ അക്കാദമി മൗനം തുടരുകയാണ്. ഈ മൗനത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ എന്‍റെ സിനിമ കണ്ടിട്ടില്ല എന്നായിരുന്നു ഞാൻ അക്കാദമിയോട് ചോദിച്ച സംശയം. അതിൽ അക്കാദമിയുടെ വിശദീകരണം എല്ലാ സിനിമകളും ഡൗൺലോഡ് ചെയ്‌തു കണ്ടു എന്നാണ്. ഈ വിശദീകരണത്തിൽ അക്കാദമി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അക്കാദമിയെ സംബന്ധിച്ചിടത്തോളം അത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
അക്കാദമി പൈറസിക്ക് കൂട്ടു നിന്നു എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞ ദിവസം ഞാൻ വീണ്ടും വിമിയോ ഡോട്ട് കോം (Vimeo.com) ടെക്‌നിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. അവർ ഉറപ്പിച്ചു പറയുന്നു, അനലിറ്റിക്‌സിൽ കാണിക്കാതെ ഡൗൺലോഡ് ചെയ്യുക അസാധ്യം ആണെന്ന്. അതോടൊപ്പം തന്നെ ഡൗണ്‍ലോഡ് എലോ (Download Allow) ചെയ്യാത്ത വീഡിയോ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു.
തേഡ് പാർട്ടി വെബ്സൈറ്റ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്‌താലും അത് അണ്‍നോണ്‍ (Unknown) എന്ന പേരിൽ അനലിറ്റിക്‌സില്‍ കാണിക്കും എന്ന കാര്യം വിമിയോ ഡോട്ട് കോം ടെക്‌നിക്കൽ വിഭാഗം ഉറപ്പു പറയുന്നു. അതുകൊണ്ടാണ് ഞാൻ വീണ്ടും അക്കാദമിയോട് ചോദിച്ചത് ഡൗൺലോഡ് ചെയ്‌തു കണ്ടു എന്ന വിശദീകരണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന്.
Also Read:Dr Biju Again Reacts : '15 ദിവസം കൊണ്ട് 149 സിനിമകള്‍ കണ്ട ജൂറി അമാനുഷികര്‍'; ഐഎഫ്‌എഫ്‌കെ സംബന്ധിച്ച് വീണ്ടും കുറിപ്പുമായി ഡോ ബിജു
വിമിയോ ഡോട്ട് കോമില്‍ നിന്ന് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ അക്കാദമിയിൽ ഉണ്ടെങ്കിൽ അത് അക്കാദമിക്ക് തന്നെ വിനയാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഞാൻ സിനിമ കണ്ടതിന് തെളിവില്ല എന്ന ചോദ്യം ഉന്നയിച്ചപ്പോൾ അക്കാദമി ആ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ ഡൗൺലോഡ് ചെയ്‌തു എന്ന് പറഞ്ഞത് കള്ളമാണോ, അതോ ശരിക്കും വേറെ എന്തെങ്കിലും ഹാക്കിങ് രീതിയിൽ ഈ വിഷ്വൽ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടോ?
അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കാദമിയോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു നിർദേശം മുന്നോട്ടു വയ്ക്കാനുണ്ട്. വിമിയോ ഡോട്ട് കോമില്‍ നിന്ന് ഡൗൺലോഡ് അനുമതി ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ടെങ്കില്‍ ചെയ്‌ത മുഴുവൻ സിനിമകളും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യുക. കാരണം ഏതെങ്കിലും ഹാക്കിങ് രീതിയിലാണ് ഡൗൺലോഡ് ചെയ്‌തു എന്ന് അക്കാദമി സമ്മതിക്കുകയാണെങ്കിൽ വിമിയോ ഡോട്ട് കോമിന് അക്കാദമിക്കെതിരെ അവരുടെ ഡാറ്റാ ഹാക്ക് ചെയ്‌തതിന് കേസുമായി മുന്നോട്ടു പോകാവുന്നതാണ്. ചിലപ്പോൾ അക്കാദമി ഭീമമായ തുക വിമിയോ ഡോട്ട് കോമിന് നഷ്‌ടപരിഹാരം നൽകേണ്ടതായും വരും.
അതുകൊണ്ട് തന്നെ എന്തുകൊണ്ടും സിനിമ കണ്ടില്ല എന്ന് സമ്മതിക്കുന്നത് തന്നെയാണ്, തെറ്റായ മാർഗത്തിൽ ഡൗൺലോഡ് ചെയ്‌തു എന്ന് പറയുന്നതിനേക്കാൾ അക്കാദമിക്ക് നല്ലത്. അക്കാദമിയുടെ കയ്യിൽ ഡൗൺലോഡ് ചെയ്‌ത ഫയൽ ഉണ്ടെന്ന് ഉറപ്പു പറഞ്ഞല്ലോ, അത് അടുത്ത ദിവസം തന്നെ അക്കാദമിയിൽ വന്ന് പരിശോധിക്കാൻ ഞാൻ തയ്യാറാണ്. അത് വിമിയോ ഡോട്ട് കോമിനും ഒരു മുതൽക്കൂട്ടാവും. എപ്പോഴാണ് വരേണ്ടത് എന്ന് അക്കാദമി സമയം തന്നാൽ മാത്രം മതി.
വാൽക്കഷണം: ഞാൻ ഇത്ര അധികം തെളിവുകൾ നിരത്തിയിട്ടും ചിലർക്കൊക്കെ കേൾക്കാൻ പറ്റാത്തത് എന്തു കൊണ്ടാവും. എൻ്റെ ശബ്‌ദം ചിലർക്ക് കേൾക്കാൻ പറ്റുന്നതിലും ഉയർന്ന ഫ്രീക്വന്‍സിയില്‍ ആണോ. (വിമിയോ ഡോട്ട് കോമുമായുള്ള ഇമെയിൽ സ്ക്രീൻഷോട്ട് ഇതോടൊപ്പം പങ്കുവയ്‌ക്കുന്നു)' -ഷിജു ബാലഗോപാലന്‍ കുറിച്ചു.
Also Read:IFFK Film Selection Controversy: 'അനുമതി ഇല്ലാതെ എന്തിന്, എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തു'; അക്കാദമിക്കും ജൂറിക്കും എതിരെ പിടി മുറുക്കി ഷിജു