കേരളം

kerala

ETV Bharat / entertainment

IFFK 2023 Controversy: മന്ത്രി സജി ചെറിയാന് മുൻപാകെ രണ്ട്‌ നിർദേശങ്ങളുമായി ഡോ ബിജു - Dr Biju met Minister Saji Cherian

Dr Biju met Minister Saji Cherian: സംസ്ഥാന ചലച്ചിത്ര അക്കാദമി അട്ടിമറിച്ച രണ്ട് നിര്‍ദേശങ്ങളാണ് മന്ത്രി സജി ചെറിയാന് മുൻപാകെ ഡോ ബിജു അവതരിപ്പിച്ചത്. മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഐഎഫ്‌എഫ്‌കെ പ്രശ്‌നങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.

IFFK 2023 Controversy  IFFK 2023  IFFK  IFFK Film Selection Controversy  IFFK Film Selection  Director Dr Biju Facebook Post  രണ്ട്‌ നിർദേശങ്ങളുമായി ഡോ ബിജു  ഡോ ബിജു  സംസ്ഥാന ചലച്ചിത്ര അക്കാദമി  മന്ത്രി സജി ചെറിയാന്‍  ഐഎഫ്‌എഫ്‌കെ  ഐഎഫ്‌എഫ്‌കെ 2023  ഐഎഫ്‌എഫ്‌കെ 2023 വിവാദം  Dr Biju met Minister Saji Cherian  മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്‌ച നടത്തി ബിജു
IFFK 2023 Controversy

By ETV Bharat Kerala Team

Published : Oct 26, 2023, 10:28 AM IST

28-ാമത് രാജ്യാന്തര ചലച്ചിത്ര മേള വിവാദങ്ങളില്‍ വീണ്ടും ഫേസ്‌ബുക്ക് പോസ്‌റ്റുമായി സംവിധായന്‍ ഡോ ബിജു. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് (IFFK Film Selection Controversy).

മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സംവിധായകന്‍ ഷിജു ബാലഗോപാലന്‍റെ 'എറാന്‍' എന്ന സിനിമ ജൂറി അംഗങ്ങള്‍ കാണാതെ തിരസ്‌കരിച്ചുവെന്ന് ആരോപിച്ച് സംവിധായകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംവിധായകന്‍ ഷിജുവിനെ പിന്തുണച്ച് വിഷയത്തില്‍ ഡോ ബിജുവും പ്രതികരിച്ചിരുന്നു (IFFK 2023 Controversy).

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡോ ബിജു, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്‌ച നടത്തി (Dr Biju met Minister Saji Cherian). ഐഎഫ്‌എഫ്‌കെയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അട്ടിമറിച്ച രണ്ട് നിര്‍ദേശങ്ങള്‍ മന്ത്രി സജി ചെറിയാന് മുൻപാകെ ഡോ ബിജു അവതരിപ്പിക്കുകയും ചെയ്‌തു. ഇത് സംബന്ധിച്ച് നീണ്ട ഫേസ്‌ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ (Director Dr Biju Facebook Post).

'കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിഷയങ്ങളിന്മേൽ ഉള്ള പ്രതിഷേധം എന്ന രീതിയിൽ ഇനി ഐഎഫ്‌എഫ്‌കെയില്‍ സിനിമകൾ പ്രദർശിപ്പിക്കില്ല എന്നും സംസ്ഥാന അവാർഡുകൾക്ക് അയക്കുമ്പോൾ വ്യക്തിഗത പുരസ്‌കാരങ്ങൾക്ക് പരിഗണിക്കേണ്ടതില്ല എന്നും നിലപാട് സ്വീകരിച്ചിരുന്നു. ഐഎഫ്‌എഫ്‌കെയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കൃത്യമായ വിമർശനങ്ങളും നിർദേശങ്ങളും ഒട്ടേറെ തവണ നൽകിയിട്ടും അവയൊന്നും തന്നെ പരിഹരിക്കപ്പെടാതെ ആവർത്തിക്കുകയും മേള അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും അകന്ന്‌ പോവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് അത്തരം ഒരു നിലപാടിലേയ്‌ക്ക് എത്തിയത്.

ഈ പ്രസ്‌താവനയുമായി ബന്ധപ്പെട്ട്‌ ബഹു സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഒരു കൂടിക്കാഴ്‌ചയ്‌ക്ക് വിളിക്കുകയും അതനുസരിച്ച്‌ ഇന്ന് അദ്ദേഹവുമായി ഈ വിഷയങ്ങളിൽ സമഗ്രമായ ഒരു ചർച്ച നടത്തുകയും ഉണ്ടായി. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ മുൻപാകെ രണ്ട്‌ നിർദേശങ്ങൾ ആണ് അവതരിപ്പിച്ചത്. 2018ൽ ഞാൻ കൂടി അംഗമായിരുന്ന ഐഎഫ്‌എഫ്‌കെ നിയമാവലി പരിഷ്‌കരണ സമിതി നിർദേശിച്ചിരുന്ന കാര്യങ്ങളിൽ അന്നത്തെ ചലച്ചിത്ര അക്കാദമി അട്ടിമറിച്ച രണ്ടു നിർദേശങ്ങൾ ഉണ്ട്. ആ നിർദേശങ്ങൾ നടപ്പിലാക്കുക എന്നതാണ് ഐഎഫ്‌എഫ്‌കെയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‍നങ്ങൾ പരിഹാരിക്കാനുള്ള വഴി എന്നത് സാംസ്‌കാരിക മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

Also Read:IFFK Film Selection Controversy: 'അനുമതി ഇല്ലാതെ എന്തിന്, എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തു'; അക്കാദമിക്കും ജൂറിക്കും എതിരെ പിടി മുറുക്കി ഷിജു

ഐഎഫ്‌എഫ്‌കെയിൽ തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾക്ക് മറ്റു മേളകളിലെ പോലെ പ്രീമിയർ സ്‌റ്റാറ്റസ് ഉറപ്പാക്കുക. എല്ലാ മലയാള സിനിമകൾക്കും കേരളാ പ്രീമിയർ എന്ന നിബന്ധന വന്നാൽ റിലീസ് ചെയ്‌തതും യൂട്യൂബ്, ഒടിടി, ടെലിവിഷൻ തുടങ്ങി സർവ ഇടങ്ങളിലും പ്രദർശിപ്പിച്ചു കഴിഞ്ഞതുമായ സിനിമകൾ ഐഎഫ്‌എഫ്‌കെയിൽ കൊണ്ട് വന്നു തള്ളുന്ന ഏർപ്പാട് നിൽക്കും. സെലക്ഷൻ കമ്മിറ്റിക്ക്‌ മുൻപിൽ വരുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുറയും എന്നത് കൊണ്ട് തന്നെ സെലക്ഷൻ കമ്മിറ്റിക്ക് എല്ലാ സിനിമകളും പൂർണ്ണമായും കണ്ട്‌ ഫെയർ ജഡ്‌മെന്‍റ് നടത്താനുള്ള അവസരം ലഭിക്കും.

വിമിയോ ലിങ്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെയുള്ള അനധികൃത നിയമപരമല്ലാത്തതുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും അക്കാദമിക്ക് മാറി നിൽക്കാം. മലയാള സിനിമകളുടെ പ്രീമിയർ നടപ്പിലാക്കുക എന്നത് വർഷങ്ങളായുള്ള സ്വതന്ത്ര സിനിമ സംവിധായകരുടെ ആവശ്യം കൂടിയാണ്. (റിലീസ് ചെയ്‌ത സിനിമകൾക്ക് അവസരം നല്‍കിയെ പറ്റൂ എന്ന് അക്കാദമിയിലെ കച്ചവട സിനിമാ വക്താക്കൾക്ക് നിർബന്ധം ഉണ്ടെങ്കിൽ അതിനായി പ്രത്യേക വിഭാഗം ഉണ്ടാക്കി മത്സരേതര ഇനമായും സർക്കാർ സാമ്പത്തിക സഹായം നൽകാതെയും നാലോ അഞ്ചോ സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കാവുന്നതാണ്)

രണ്ടാമത്തെ നിർദേശം സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ പറ്റിയാണ്. പത്താം ക്ലാസ്‌ പരീക്ഷയുടെ ഉത്തര പേപ്പർ പരിശോധിക്കാൻ മിനിമം പത്താം ക്ലാസ്‌ പാസായ ആളുകളെ ഏൽപ്പിക്കണം എന്നതാണല്ലോ അതിന്‍റെ മര്യാദ. ഐഎഫ്‌എഫ്‌കെയിലേക്കും സംസ്ഥാന ചലച്ചിത്ര അവാർഡിലേക്കും നിയോഗിക്കുന്ന ജൂറി ചെയർമാനും അംഗങ്ങൾക്കും കൃത്യമായ യോഗ്യതയും മാനദണ്ഡങ്ങളും നിശ്ചയിക്കണം. അതാത് മേഖലകളിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയവർ ആയിരിക്കണം മേളയിലേക്കും സംസ്ഥാന അവാർഡിലേക്കും സിനിമകൾ വിലയിരുത്തുവാൻ എത്തേണ്ടത്.

മേൽ പറഞ്ഞ രണ്ട്‌ നിർദേശങ്ങളും ഏതായാലും ഈ ഐഎഫ്‌എഫ്‌കെയിൽ ഇനി നടപ്പിലാക്കാൻ സാധിക്കില്ല. പക്ഷേ തൊട്ടടുത്ത് വരുന്ന സംസ്ഥാന പുരസ്‌കാര നിർണ്ണയം, അടുത്ത വർഷം മുതലുള്ള ഐഎഫ്‌എഫ്‌കെ എന്നിവയിൽ തീർച്ചയായും ഈ കാര്യങ്ങൾ ഏർപ്പെടുത്താവുന്നതാണ്. ഈ രണ്ട്‌ നിർദേശങ്ങളും ഏറെ പ്രസക്തവും ന്യായയുക്തവും ആണെന്ന് മന്ത്രിയ്ക്കും ബോധ്യമായി.

ഈ നിർദേശങ്ങളിൻമേൽ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകും എന്ന്‌ അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ഐഎഫ്‌എഫ്‌കെയ്ക്കും സംസ്ഥാന പുരസ്‌കാര നിർണയ രീതിക്കും നേരെയുള്ള വിമർശനങ്ങൾ എപ്പോഴും ക്രിയാത്മകമായാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്. വിമർശിക്കുക എന്നത് മാത്രമല്ല പരിഹാര നിർദേശങ്ങൾ കൂടി നിർദേശിച്ചു കൊണ്ടാണ് എപ്പോഴും വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. വ്യക്തിപരമായ എന്തെങ്കിലും ആവശ്യങ്ങൾ മുൻ നിർത്തിയില്ല കഴിഞ്ഞ 15 വർഷമായി ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്തുന്നത്.

മുൻപും പല പ്രതികരണങ്ങളും നിർദേശങ്ങളും ഐഎഫ്‌എഫ്‌കെയിൽ പ്രോഗ്രസീവ് ആയ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിച്ചിട്ടുമുണ്ട്. ഏതായാലും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു കടുത്ത പ്രതിഷേധം എന്ന നിലയിൽ വിട്ടു നിൽക്കൽ പ്രഖ്യാപിച്ചപ്പോൾ സാംസ്‌കാരിക മന്ത്രി എത്രയും വേഗം ഇടപെടുകയും വ്യക്തിപരമായി തന്നെ വിശദമായ ഒരു ചർച്ചയ്ക്ക് വിളിക്കുകയും, അത്തരം വിട്ടു നിൽക്കലുകൾ ഉണ്ടാകരുതെന്ന് സ്നേഹപൂർവ്വം ആവശ്യപ്പെടുകയും ചെയ്‌തത് ഏറെ ആദരവോടെ ഉൾക്കൊള്ളുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രധാന പരിഹാര മാർഗം എന്ന നിലയിൽ മുന്നോട്ടു വെച്ച രണ്ട്‌ നിർദേശങ്ങളും സാംസ്‌കാരിക വകുപ്പ്‌ മന്ത്രി അക്കാദമിയുമായി ബന്ധപ്പെട്ട്‌ നടപ്പിലാക്കുവാൻ അടിയന്തിര ഇടപെടൽ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.' -ഡോ ബിജു കുറിച്ചു.

Also Read:Dr Biju Again Reacts : '15 ദിവസം കൊണ്ട് 149 സിനിമകള്‍ കണ്ട ജൂറി അമാനുഷികര്‍'; ഐഎഫ്‌എഫ്‌കെ സംബന്ധിച്ച് വീണ്ടും കുറിപ്പുമായി ഡോ ബിജു

ABOUT THE AUTHOR

...view details