കുഞ്ചാക്കോ ബോബന് Kunchacko Boban പിന്തുണ അറിയിച്ച് നിര്‍മാതാവ് ഹൗളി പോട്ടൂര്‍ Howly Pottoore. കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു 'പദ്‌മിനി' Padmini. സിനിമയ്‌ക്ക് വേണ്ടി കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ട് ചിത്രത്തിന്‍റെ പ്രൊമോഷന് സഹകരിച്ചില്ലെന്ന് കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി 'പദ്‌മിനി'യുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി അടുത്തിടെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ 'ഭയ്യാ ഭയ്യാ' എന്ന സിനിമയുടെ നിര്‍മാതാവ് ഹൗളി പോട്ടൂര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമാതാവെന്ന നിലയിൽ തനിക്ക് വലിയ നഷ്‌ടം സംഭവിച്ച് ആകെ തകർന്നു പോയ സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്‍റെ വാക്കുകളാണ് തനിക്ക് ആശ്വാസമേകിയത് എന്നാണ് നിര്‍മാതാവ് ഹൗളി പോട്ടൂര്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നിര്‍മാതാവിന്‍റെ പ്രതികരണം.
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്. എന്‍റെ പേര് ഹൗളി പോട്ടൂർ. 'മഞ്ഞുപോലൊരു പെൺകുട്ടി', 'രാപ്പകൽ', 'പളുങ്ക്', 'ഫോട്ടോഗ്രാഫർ', 'പരുന്ത്' തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. 'ഭയ്യാ ഭയ്യാ' ആണ് ഒടുവിൽ ചെയ്‌ത ചിത്രം. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഭയ്യാ ഭയ്യാ എന്ന സിനിമയില്‍ നായകൻ.
നിങ്ങൾക്ക് അറിയാം 'ഭയ്യാ ഭയ്യാ' സാമ്പത്തികമായി വിജയം ആയിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്‌ടം സംഭവിച്ചിരുന്നു. അന്ന് തകർന്നു പോയ എന്നെ തേടി ഒരു ഫോൺ കോൾ വന്നു. കുഞ്ചാക്കോ ബോബന്‍റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും എന്‍റെ മനസിലുണ്ട്.
"ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പം ഉണ്ട്. നമുക്ക് ഇനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം" -കുഞ്ചാക്കോ ബോബന്‍റെ ആ വാക്കുകൾ എനിക്ക് തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതില്‍ ഉണ്ടായിരുന്നു.