നടിയും നിർമാതാവുമായി ബോളിവുഡിലെ മിന്നും താരമായ ആലിയ ഭട്ട് ഇന്ന് തൻ്റെ 30-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കൗമാരപ്രായത്തിൽ തന്നെ സിനിമയിൽ പ്രവേശിച്ച ആലിയ താരപുത്രി എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് കൂടിയാണ് ഹിന്ദിയില്‍ തന്‍റേതായ ഇടം നേടിയത്. 1993 മാർച്ച് 15 ന് ജനിച്ച ആലിയ 2012 ൽ കരൺ ജോഹറിൻ്റെ സ്റ്റുഡൻ്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
ഹൈവേ, ഉഡ്‌താ പഞ്ചാബ്, റാസി, ഗല്ലി ബോയ്, ഗംഗുഭായ് കത്യവാടി, ഡാർലിംഗ്‌സ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിക്കാനും സിനിമകളുടെ വിജയത്തിൽ ഒരു വലിയ പങ്കു വഹിക്കാനും ആലിയക്ക് കഴിഞ്ഞു. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള വൈദഗ്ധ്യവും കഴിവും സിനിമയിൽ ആലിയയ്ക്ക് മറ്റുള്ളവരേക്കാൾ മുൻതൂക്കം നൽകി. ആലിയയുടെ ഫിലിമോഗ്രാഫിയിൽ 14 ഹിറ്റുകളും മൂന്ന് ഫ്‌ളോപ്പുകളും ഉണ്ട്. ഇത് ശക്തമായ തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള കഴിവ് ആലിയ തൻ്റെ സിനിമ ജീവിതത്തിൽ ആർജിച്ചെടുത്തതിന് തെളിവാണ്.
വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം: വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യവും, ബോളിവുഡിലെ ഒരു മുൻനിര നായികയിൽ നിന്ന് പ്രതീക്ഷിക്കുന്നതിന്‍റെ അതിരുകൾ മുറിച്ച് കടക്കാനുള്ള തൻ്റെ കഴിവുമാണ് ആലിയയെ മറ്റ് ബോളിവുഡ് അഭിനേതാക്കളിൽ നിന്നും നിന്ന് വ്യത്യസ്‌തയാക്കുന്നത്. റാസിയിലെ ചാരയായുള്ള തൻ്റെ വേഷം മുതൽ ഗല്ലി ബോയ്‌യിലെ കുശുമ്പ് നിറഞ്ഞ ഒരു കാമുകിയായും രണ്ട് തലങ്ങളിലുള്ള വേഷങ്ങൾ അവതരിപ്പിക്കാൻ ആലിയക്ക് സാധിച്ചു.
ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുബായ് കത്യവാഡിയിലും താരം ഗംഭീര പ്രകടനം കാഴ്‌ചവച്ചു. തൻ്റെ ആദ്യ നിർമാണമായ ഡാർലിംഗ്‌സിൽ ലോകപരിചയമില്ലാത്ത വിഡ്ഢിയായ ഒരു വീട്ടമ്മയുടെ വേഷവും നിഷ്‌പ്രയാസം ആലിയ അവതരിപ്പിച്ചു. തൻ്റെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാൻ ആലിയയ്ക്ക് സ്വതസിദ്ധമായ ഒരു കഴിവുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷരുമായി എളുപ്പത്തിൽ സിനിമയിൽ ഒരു ബന്ധമുണ്ടാക്കാൻ ആലിയക്ക് സാധിക്കുന്നു. ഇത് ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും നിരൂപകർക്കും ഒരുപോലെ ആലിയ പ്രിയപ്പെട്ടവളായി.
അഭിനേത്രിയെന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ആലിയ സംരംഭകത്വത്തിന്‍റെ ലോകത്തേക്ക് കടക്കുകയും ചെയ്‌തു. 2020ൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ എഡ്-എ-മമ്മ എന്ന വസ്ത്ര ബ്രാൻഡ് ആരംഭിച്ച ആലിയ പിന്നീട് അത് ഗർഭാവസ്ഥയിൽ ഉള്ള അമ്മമാർക്ക് ഉള്ള വസ്‌ത്രങ്ങൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. ഇതിനു പുറമേ സ്‌റ്റൈൽക്രാക്കർ എന്ന സ്റ്റാർട്ടപ്പിലും നടി നിക്ഷേപം നടത്തിയിട്ടുണ്ട്.
also read:ബി ടൗണിലെ നെപ്പോട്ടിസം യഥാർഥം: മനസ് തുറന്ന് ആലിയ ഭട്ട്
മകൾ റാഹയാണ് തൻ്റെ പ്രഥമ പരിഗണന:ഇനിമുതൽ തൻ്റെ മകൾ റാഹയാണ് തൻ്റെ പ്രഥമ പരിഗണനയെന്നു പറഞ്ഞ താരം സിനിമ തിരഞ്ഞെടുക്കുമ്പോൾ ഇനി മുതൽ അതിൻ്റെ ഗുണനിലവാരത്തിനായിരിക്കും പരിഗണന നൽകുക എന്നും പറഞ്ഞിരുന്നു. ഗർഭാവസ്ഥയിലാണ് തൻ്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിൽ ആലിയ വേഷമിട്ടത്. ഫെമിനിസത്തെക്കുറിച്ച് ആലിയ അധികം സംസാരിക്കാറില്ല. എന്നാൽ തൻ്റെ ജീവിതവും കരിയറും എങ്ങനെ അവൾ മെച്ചപ്പെടുത്തി എന്നത് ഒരു തിളക്കമാർന്ന ഉദാഹരണമാണ്.