മുംബൈ : ബോളിവുഡിൽ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇരുവരുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ ബി ടൗണിലെ കിംഗ് ഖാന്‍റെയും പങ്കാളിയുടെയും രസകരമായ ഒരു വീഡിയോ കൗതുകമുണര്‍ത്തുകയാണ്.
കഴിഞ്ഞ ദിവസമാണ് (മെയ് 15) ഗൗരി എഴുതിയ 'മൈ ലൈഫ് ഇൻ ഡിസൈൻ' എന്ന കോഫി ടേബിൾ ബുക്കിന്‍റെ പ്രകാശനം നടന്നത്. മുംബൈയിലെ ബാന്ദ്രയിൽ വച്ചായിരുന്നു പ്രകാശനം. ചടങ്ങിൽ കിംഗ് ഖാൻ നടത്തിയ പ്രസംഗമാണ് വൈറൽ വീഡിയോയ്ക്ക് ആധാരം.
സംസാരത്തിനിടെ ഭാര്യയുടെ പ്രായം പറഞ്ഞ ഷാരൂഖിന് പിശകുപറ്റി. പിന്നാലെ ഗൗരി താരത്തെ തിരുത്തുകയും തുടർന്നുള്ള ഷാരൂഖിന്‍റെ മറുപടി കാഴ്‌ചക്കാരിൽ ചിരി പടർത്തുകയുമായിരുന്നു. '40-കളുടെ മധ്യത്തിൽ ഗൗരി ചെയ്‌തത് പോലെ ആർക്കും ഏത് പ്രായത്തിലും അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കഴിയും' - എന്നായിരുന്നു ഷാരൂഖിന്‍റെ വാക്കുകൾ.
ഉടൻ തന്നെ ഗൗരി താരത്തെ തിരുത്തി. അവൾക്ക് ഇപ്പോൾ 37 വയസായെന്നും ഞങ്ങളുടെ വീട്ടിൽ പ്രായം പിന്നോട്ടാണ് പോകുന്നതെന്നും ആയിരുന്നു പിന്നാലെ വന്ന മറുപടി. കിംഗ് ഖാന്‍റെ വാക്കുകൾ നിറഞ്ഞ ചിരിയോടെയാണ് സദസ് ഏറ്റെടുത്തത്.
ഗൗരി ഖാന്‍റെ പുസ്‌തകത്തെക്കുറിച്ചും താരം സംസാരിക്കാൻ മറന്നില്ല. ഗൗരിക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരുന്ന സർഗാത്മകതയെക്കുറിച്ച് ഷാരൂഖ് വാചാലനായി. 'ഗൗരി ക്രിയേറ്റീവും പാഷനുമുള്ള ആളാണ്. 24 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ, മുംബൈയില്‍ സെറ്റില്‍ ചെയ്‌ത് സാധാരണ ജീവിതം നയിക്കുന്നതിലും മക്കളെ വളർത്തുകയും ചെയ്യുന്ന തിരക്കിലായിരുന്നു ഞങ്ങള്‍. അപ്പോഴൊക്കെയും അവളുടെ ഒരു ഭാഗമായി ആ പാഷന്‍ ഉണ്ടായിരുന്നു, അത് അന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല' - ഷാരൂഖ് പറഞ്ഞു.
ഷാരൂഖ് ഖാന്‍റെ പത്നി എന്നതിലുപരി തന്‍റെ വ്യക്തിത്വവും സ്വത്വവും സ്വന്തം നിലയിൽ അടയാളപ്പെടുത്താൻ ഗൗരിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മുംബൈയിലെ അറിയപ്പെടുന്ന ഇന്‍റീരിയര്‍ ഡിസൈനറാണ് ഗൗരി ഇന്ന്. ഒരു ഡിസൈനർ എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങൾ ഗൗരി പങ്കുവയ്ക്കുന്ന പുസ്‌തകമാണ് മൈ ലൈഫ് ഇൻ ഡിസൈൻ.
ALSO READ:'ഇതാ എന്‍റെ മുഖം, ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്'; ആരാധകരുടെ പരാതിക്ക് പരിഹാരവുമായി കിങ് ഖാൻ
പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ തന്‍റെയും കുടുംബത്തിന്‍റെയും എക്‌സ്‌ക്ലുസീവ് ചിത്രങ്ങളും ഗൗരി പങ്കുവയ്ക്കുന്നു. ഒരു ഡിസൈനർ എന്ന നിലയിലുള്ള തന്‍റെ യാത്രയെയും മുംബൈയിലെ വസതിയായ മന്നത്തിന്‍റെ കാണാത്ത ചിത്രങ്ങളും ആരാധകർക്കായി അവർ തുറന്നുകാട്ടുന്നുണ്ട്. മന്നത്തിൽ ചെയ്‌ത ഡിസൈനുകളും ഇന്‍റീരിയര്‍ വർക്കുകളും ആ സമയങ്ങളിൽ അവർ കടന്നുപോയ ചിന്താ പ്രക്രിയകളുമെല്ലാം മൈ ലൈഫ് ഇൻ ഡിസൈനിൽ കാണാം. കൂടാതെ തന്‍റെ മറ്റ് പ്രധാന പ്രൊജക്റ്റുകളും അവർ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഷാരൂഖ്, ആര്യൻ, സുഹാന, അബ്രാം അടങ്ങുന്ന കുടുംബവുമൊത്തുള്ള സുന്ദരനിമിഷങ്ങളും ചിത്രങ്ങളായി മൈ ലൈഫ് ഇൻ ഡിസൈനിൽ ഗൗരി ഖാൻ തുന്നിവയ്ക്കുന്നുണ്ട്.