അന്താരാഷ്‌ട്ര വനിത ദിനത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്‌ദമുയർത്താൻ ആഹ്വാനം ചെയ്‌ത് വനിത ശിശുവികസന വകുപ്പ്. വനിത ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ മിന്നും താരങ്ങളായ അനാർക്കലി മരക്കാർ, നിരഞ്‌ജന അനൂപ്, സിനിമ നിര്‍മാതാവ് മോനിഷ മോഹൻ മേനോൻ എന്നിവർ അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
ജാക്കിവെപ്പ് ജോക്കല്ല:സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്. 'ജാക്കിവെപ്പ് ജോക്കല്ല' എന്നെഴുതിയ പ്ലക്കാർഡ് കയ്യിൽ പിടിച്ച് കെഎസ്ആർടിസി ബസിനകത്ത് നിൽക്കുന്ന ചിത്രമാണ് അനാർക്കലി മരക്കാർ തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ സ്‌ത്രീകൾ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങൾക്കെതിരെയായിരുന്നു അനാർക്കലിയുടെ പ്ലക്കാർഡ്. പ്ലക്കാർഡിനടിയിൽ ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം എന്നും എഴുതിയിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. 'അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ. ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമൺസ് ഡേ, ഹാപ്പി വുമൺസ് ഡേ' എന്ന അടിക്കുറിപ്പും അനാർക്കലി തൻ്റെ പോസ്റ്റില്‍ നൽകി.
സ്‌ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല: 'സ്‌ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല' എന്നെഴുതിയ പ്ലക്കാർഡുമായി വിവാഹ മണ്ഡപത്തിൻ്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നിരഞ്‌ജന അനൂപ് തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റായിരുന്നിട്ടു കൂടി, സ്‌ത്രീകൾക്ക് നിരന്തരമായി നേരിടേണ്ടി വരുന്ന സ്‌ത്രീധന പീഡനത്തിനെതിരെയാണ് നിരഞ്‌ജനയുടെ പ്ലക്കാർഡ്. പ്ലക്കാർഡിനടിയിൽ ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം എന്നെഴുതിയിരുന്നു. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ എതിർക്കാം, റിപ്പോർട്ട് ചെയ്യാം. വിളിക്കൂ 181/112 സ്ത്രീധനത്തിനെതിരെ, ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമൺസ് ഡേ, ഹാപ്പി വുമൺസ് ഡേ' എന്ന അടിക്കുറിപ്പോടെയായിരുന്നു നടിയുടെ കുറിപ്പ്.
ഒരേ ജോലിക്ക് ഒരേ കൂലി: 'ഒരേ ജോലിക്ക് ഒരേ കൂലി' എന്നഴുതിയ പ്ലക്കാർഡുമായി ജോലിസ്ഥലത്തു നിൽക്കുന്ന ചിത്രമാണ് സിനിമ നിർമ്മാതാവ് മോനിഷ മോഹൻ മേനോൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. സ്‌ത്രീകൾ ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങൾക്ക് എതിരെയാണ് മോനിഷ മോഹൻ്റെ പോസ്റ്റ്, തൊഴിലിലുള്ള വിവേചനങ്ങളെ പോലെതന്നെ തുല്ല്യ വേതനം എന്ന അവകാശവും പലപ്പോഴും സ്‌ത്രീകൾക്ക് നഷ്‌ടപ്പെടാറുണ്ട്. 'തുല്യവേദനം ഒരു അവകാശമാണ്. അത് നടപ്പാക്കാത്തിടത്തോളം നീതിയും നടപ്പാകുന്നില്ല. ഇത് സ്ത്രീ സമത്വത്തിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, ആരോഗ്യകരമായ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തൊഴിലിടങ്ങളിലെ വേദന അസമത്വങ്ങൾക്കെതിരെ'. ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമൺസ് ഡേ, ഹാപ്പി വുമൺസ് ഡേ, ഇക്ക്വൽ പേ, ജെൻഡർഇക്വാലിറ്റി' എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകി.
also read:ഓസ്‌കറില്‍ വോട്ട് ചെയ്‌ത ആദ്യ തെന്നിന്ത്യന്‍ താരമായി സൂര്യ, ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍
വനിത ശിശു വികസന വകുപ്പിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിനെ (ഡബ്ല്യുഡിസി കേരള) താരങ്ങൾ പോസ്റ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്. 1977 ൽ യുഎൻ ആണ് അന്താരാഷ്‌ട്ര വനിതാദിനം ആദ്യമായി അംഗീകരിച്ചത്. അടിച്ചമർത്തലുകളിൽ നിന്നും, അനീതികളിൽ നിന്നും മോചനം നേടാൻ സ്‌ത്രീകൾക്ക് പ്രചോദനം നൽകാനായാണ് ലോകമെമ്പാടും മാർച്ച് എട്ട് വനിത ദിനമായി ആഘോഷിക്കുന്നത്.